ഓണച്ചന്ത: സിവില്‍ സപ്ലൈസ് തയ്യാര്‍; 1,65,932 മെട്രിക് ടണ്‍ അരി റെഡി; 6,09,305 ഓണക്കിറ്റുകള്‍ ഒരുങ്ങുന്നു, ഒരു കിറ്റില്‍ 16 ഇനം സാധനങ്ങള്‍

തിരുവനന്തപുരം: ഓണത്തിന് 6,09,305 ഓണക്കിറ്റുകള്‍ സിവില്‍ സപ്ലൈസ് വിതരണം ചെയ്യുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഇതിന് 53 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു.
ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10ന് ആരംഭിക്കും. ഉത്രാടം ദിനമായ ഓഗസ്റ്റ് 25നു കിറ്റു വിതരണം പൂര്‍ത്തിയാക്കും. തുണിസഞ്ചി ഉള്‍പ്പെടെ 16 ഇനങ്ങളാണ് കിറ്റിലുണ്ടാവുക. ഒരു കിറ്റിന് 854 രൂപ വിലവരും. മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്കാണ് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുന്നത്.
ഓണത്തിന് 1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെട്രിക് ടണ്‍ ഗോതമ്പും വിപണിയിലെത്തിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലെത്തിയിട്ടുണ്ട്.
ഇക്കൊല്ലം സപ്ലൈക്കോ മൂന്നു ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകളും 11 ജില്ലകളില്‍ ഓണം ജില്ലാ ഫെയറുകളും 126 നിയോജക മണ്ഡലങ്ങളില്‍ ഓണം മാര്‍ക്കറ്റും സംഘടിപ്പിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഓണം മെഗാ ട്രേഡ്. ഓണം ജില്ലാ ഫെയര്‍ മറ്റു 11 ജില്ലകളില്‍ ഓഗസ്റ്റ് 16 മുതല്‍ 25 വരെ നടക്കും. ഓണം പ്രമാണിച്ച് മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് സ്‌പെഷ്യല്‍ അരി അടുത്ത മാസം വിതരണം ചെയ്യും. നീല കാര്‍ഡുകാര്‍ക്ക് 10 രൂപ 90 പൈസ നിരക്കില്‍ മൂന്നു കിലോ അരിയും 8 രൂപ 70 പൈസ നിരക്കില്‍ രണ്ടു കിലോ ഗോതമ്പും നല്‍കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page