ആലുവ: എടത്തലയില്‍ പീഡനത്തിന് ഇരയായ 16 കാരിയെ കാണാതായി. വനിതകള്‍ മാത്രം പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് ശനിയാഴ്ച വൈകുന്നരമാണ് പെണ്‍കുട്ടിയെ കാണാതായത്. സ്ഥാപന അധികൃതരും കുടുംബവും പരാതിയുമായി പൊലീസിനെ സമീപിച്ചു. അതേസമയം പെണ്‍കുട്ടി പോയത് പോക്‌സോ കേസിലെ പ്രതിക്കൊപ്പമാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. പോക്‌സോ കേസിനെ തുടര്‍ന്ന് മൂന്നുമാസം മുമ്പാണ് കുടുംബം ആലുവയിലേക്ക് താമസം മാറിയത്. തുടര്‍ന്ന് പെണ്‍കുട്ടി ആലുവയിലെ സ്ഥാപനത്തില്‍ താമസിച്ചു പഠിച്ചുവരികയായിരുന്നു. കുട്ടി ശനിയാഴ്ച രാത്രി എടത്തലയിലെ ഓട്ടോ സ്റ്റാന്‍ഡില്‍ എത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവിട്ടതായി ഓട്ടോക്കാരന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആലുവ റെയില്‍വേ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടി ഓട്ടോ ഡ്രൈവറുടെ മൊബൈല്‍ വാങ്ങി ഒരാള്‍ക്ക് ഫോണ്‍ചെയ്തു. ഇതു കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കുട്ടി വിളിച്ചത് 19 വയസ്സുള്ള പോക്‌സോ കേസിലെ പ്രതിയെ ആണെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ ആണ് പെണ്‍കുട്ടി പോയത് പോക്‌സോ കേസ് പ്രതിക്കൊപ്പമാണെന്ന് പൊലീസ് സംശയിക്കുന്നത്. കായംകുളം സ്വദേശിയായ യുവാവിനൊപ്പം പോയ നിഗമനത്തിലാണ് പൊലീസ് ഇപ്പോള്‍. എന്നാല്‍ കോഴിക്കോട് ഭാഗത്തേയ്ക്കുള്ള ട്രെയിനിനാണ് പെണ്‍കുട്ടി പോയതെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. നിലവില്‍ ഓട്ടോക്കാരന്‍ നല്‍കിയ ഫോണ്‍നമ്പര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.







