ന്യൂഡൽഹി: മഴവെള്ളം നിറഞ്ഞ കുഴിയില്‍ വീണ് ആറുവയസുകാരന് ദാരുണാന്ത്യം. ഗ്രേറ്റര്‍ നോയിഡയിലെ നോളജ് പാര്‍ക്ക് മേഖലയിലാണ് സംഭവം. കേന്ദ്രീയ വിദ്യാലയം വൈസ് പ്രിൻസിപ്പൽ ശിവൻ യാദവിന്റെ മകൻ അവ്യാൻ സൂര്യയാണ് ബോറിങ് ജോലികള്‍ക്കായി തയാറാക്കിയ കുഴിയില്‍ വീണ് മരിച്ചത്. ശനിയാഴ്ചയാണ് അപകടമുണ്ടായത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ ഏതാണ്ട് 15 അടി താഴ്ചയുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗ്രേറ്റർ നോയിഡ അതോറിറ്റി ബോറിങ് ജോലികൾക്കായി കുഴിച്ച ഈ അപകടസാധ്യതയുള്ള മേഖലയില്‍ സുരക്ഷാവേലിയോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിരുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കുഞ്ഞിന്റെ മരണത്തെ തുടര്‍ന്ന് കടുത്ത പ്രതിഷേധമാണ് അധികൃതര്‍ക്കെതിരെ ഉയര്‍ന്നുവന്നത്. കഴിഞ്ഞ ജനുവരിയിൽ നോയിഡയിലെ നിർമാണ മേഖലയ്ക്ക് സമീപമുള്ള കുഴിയിൽ കാർ വീണ് 27കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ മരണപ്പെട്ട സംഭവവും നാട്ടുകാർ പ്രതിഷേധത്തിനിടെ ഉന്നയിച്ചു. സംഭവത്തിൽ കരാറുകാരന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് തെളിഞ്ഞാൽ നിയമനടപടി സ്വീകരിക്കുമെന്ന് സംഭവസ്ഥലം സന്ദർശിച്ച എസ്ഡിഎം സദർ അശുതോഷ് ഗുപ്ത പറഞ്ഞു.








