കാസര്‍കോട്: കാഞ്ഞങ്ങാട് നഗരത്തില്‍ പട്ടാപ്പകല്‍ ഹെല്‍മെറ്റ് മോഷണം. ബുള്ളറ്റില്‍ നിന്ന് ഹെല്‍മെറ്റ് മോഷ്ടിക്കുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. കൊവ്വല്‍പ്പള്ളിയിലെ പത്ര ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ നിന്നാണ് മറ്റൊരു ബൈക്കിലെത്തിയ ആള്‍ ഹെല്‍മെറ്റ് മോഷ്ടിച്ചത്. 50 വയസുപ്രായം വരുന്ന മുണ്ടുടുത്ത ആളാണ് മോഷ്ടാവ്. ബൈക്കില്‍ എത്തിയ ആള്‍ അല്‍പസമയം ഫോണ്‍ നോക്കിയ ശേഷം പരിസരത്ത് ആരുമില്ലെന്ന് ഉറപ്പാക്കി ഹെല്‍മെറ്റ് എടുത്തുപോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. സംഭവത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ഉടമ ഹോസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കി. 3500 രൂപ വില വരുന്ന ഹെല്‍മെറ്റാണ് മോഷണം പോയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.







