ലഖ്‌നൗ: വിവാഹം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ്. ഇന്നത്തെ കാലത്ത് വധുവിനെ കിട്ടാതെ പല യുവാക്കളും വിഷമിക്കുമ്പോഴാണ് ഉത്തര്‍പ്രദേശിലെ ഈ സംഭവം അല്‍ഭുതപ്പെടുത്തുന്നത്. അംറോഹ ജില്ലയില്‍ ഒരേ യുവാവിനെ ഒന്നിച്ച് വിവാഹം കഴിച്ച് മൂന്ന് സഹോദരിമാര്‍. തങ്ങളുടെ വിവാഹച്ചടങ്ങുകളും മറ്റ് പരിപാടികളും പകര്‍ത്താനെത്തിയ ക്യാമറാമാനെയാണ് മൂന്ന് സഹോദരിമാരും ഭര്‍ത്താവായി സ്വീകരിച്ചത്. ഹസന്‍പൂരിലെ ധൗരിയ ഗ്രാമവാസികളായ സരോജ് (20), സഹോദരി സാവിത്രി റാണി (19), ഇവരുടെ കസിന്‍ സന്തോഷ് ഖഡക്വന്‍ഷി (18) എന്നിവരാണ് വരന്‍ വികാസ് ഖഡക്വന്‍ഷിയെ (20) വിവാഹം കഴിച്ചത്. സോഷ്യല്‍ മീഡിയയില്‍ സഹോദരിമാര്‍ പോസ്റ്റ് ചെയ്തിരുന്ന വീഡിയോകളെല്ലാം പകര്‍ത്തിയിരുന്നത് വികാസായിരുന്നു. വിവാഹം കഴിഞ്ഞാല്‍ പരസ്പരം പിരിഞ്ഞിരിക്കേണ്ടി വരുമല്ലോ എന്ന ഭയം കാരണമാണ് ഒരേ ആളെത്തന്നെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്ന് സരോജ് വീഡിയോയില്‍ പറയുന്നുണ്ട്. പെണ്‍കുട്ടികളുടെ വൈകാരികമായ അടുപ്പം മനസിലാക്കിയാണ് താന്‍ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് വരനായ വികാസും പ്രതികരിച്ചു.

ജൂലൈ 17-ന് അംറോഹയിലെ ചാമുണ്ട മാതാ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. എന്നാല്‍ യുവതികളുടെയും യുവാവിന്റെയും കുടുംബാംഗങ്ങളോ ബന്ധുക്കളോ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. ഈ വിവാഹത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയര്‍ന്നുവരുന്നത്. ഹിന്ദു വിവാഹ നിയമപ്രകാരം ഒരു വ്യക്തിക്ക് ഒരേസമയം ഒന്നിലധികം പങ്കാളികളെ വിവാഹം കഴിക്കാന്‍ നിയമപരമായ സാധുതയില്ലെന്നും, അതിനാല്‍ ഈ വിവാഹം നിയമത്തിന് മുന്നില്‍ നിലനില്‍ക്കില്ലെന്നും അലഹബാദ് ഹൈക്കോടതിയിലെ അഭിഭാഷകന്‍ പറഞ്ഞു. സംഭവം വിവാദമായതോടെ വിഷയത്തില്‍ ഇടപെട്ട പൊലീസ് നാല് പേരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുത്തു. എല്ലാവരും പ്രായപൂര്‍ത്തിയായവരാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും അവര്‍ പൊലീസിനോട് സമ്മതിച്ചു.
പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് നിലവില്‍ പരാതികളൊന്നുമില്ലെന്നും, ഭാവിയില്‍ എന്തെങ്കിലും പരാതി ലഭിക്കുകയാണെങ്കില്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഹസന്‍പൂര്‍ സര്‍ക്കിള്‍ ഓഫീസര്‍ പങ്കജ് ത്യാഗി അറിയിച്ചു.









