ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്രത്തിന് എതിരെ 26 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്. പുലര്‍ച്ചെ ഒന്നേകാലോടെ കേന്ദ്ര മന്ത്രിമാരായ ജെപി നഡ്ഡ, ജിതേന്ദ്ര സിങ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് സമരം അവസാനിപ്പിച്ചത്. സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കെതിരെ കേസെടുക്കില്ലെന്ന കേന്ദ്ര സർക്കാരിൻ്റെ ഉറപ്പിനെ തുടർന്നാണ് തീരുമാനം.
ആശുപത്രിയിൽ വാങ്ചുകിനെ സന്ദർശിച്ച മന്ത്രിമാർ അദ്ദേഹത്തിന് ജ്യൂസ് നൽകി നിരാഹാരം അവസാനിപ്പിക്കാൻ സഹായിച്ചു. ഡൽഹിയിലെ ജന്തർ മന്ദിറിൽ സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെയും 2026 ജൂലൈ 20ന് പാർലമെൻ്റിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്തവർക്കെതിരെയും കേസെടുക്കില്ലെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകിയതായി ജെ.പി നഡ്ഡ വ്യക്തമാക്കി. ഇതിനുപുറമെ, ചോദ്യപ്പേപ്പർ ചോർച്ച, പരീക്ഷാ പരിഷ്കാരങ്ങൾ എന്നിവ സംബന്ധിച്ച് പാർലമെൻ്റിൽ ചർച്ച നടത്താമെന്നും അദ്ദേഹം ഉറപ്പുനൽകി. സോനം വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചു. ഡോക്ടർമാരുടെ നിർദേശം പാലിച്ച് ആരോഗ്യം വീണ്ടെടുക്കാൻ പ്രധാനമന്ത്രി ‘എക്സ്’ പോസ്റ്റിലൂടെ അദ്ദേഹത്തോട് അഭ്യർത്ഥിച്ചു.
അതേസമയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യം ഇന്നും പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ തയ്യാറെടുക്കുകയാണ് പ്രതിപക്ഷം. രാജിക്ക് ശേഷം മതി സഭയില്‍ ചര്‍ച്ചയെന്നാണ് നിലപാട്. തുടര്‍നടപടി ചര്‍ച്ച ചെയ്യാന്‍ രാവിലെ ഇന്ത്യാ സഖ്യ നേതാക്കളുടെ യോഗം ചേരും.








