ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയും പരീക്ഷാ ക്രമക്കേടുകളും തടയുന്നതിനുള്ള നിയമം ശക്തമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ത്തുന്ന സംഘടിത മാഫിയകള്‍ക്കെതിരെ അന്വേഷണവും വിചാരണയും പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസത്തെ സമയപരിധി, പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍ക്കുള്ള നിയമസാധുത, 10 വര്‍ഷം വരെ തടവും 10 കോടി രൂപ വരെ പിഴയും ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷാനടപടികള്‍ എന്നിവ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. നരേന്ദ്രമോദി ഇന്നലെ നടത്തിയ വീഡിയോ സന്ദേശത്തിന് പിന്നാലെയാണ് പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയുന്നതിനുള്ള 2024ലെ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചോദ്യപേപ്പര്‍ ചോര്‍ച്ച മാഫിയകളെ പൂര്‍ണ്ണമായും അടിച്ചമര്‍ത്തുന്നതിനും പൊതുപരീക്ഷാ തട്ടിപ്പുകളില്‍ വേഗത്തില്‍ നീതി ഉറപ്പാക്കുന്നതിനുമാണ് പുതിയ വ്യവസ്ഥകള്‍ ലക്ഷ്യമിടുന്നത്.നിയമാനുസൃതമായ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുക എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട നിര്‍ദ്ദേശം. ഇത്തരം കേസുകളില്‍ നീണ്ടുനില്‍ക്കുന്ന നിയമനടപടികള്‍ക്ക് പകരമായി, മൂന്ന് മാസത്തിനകം അന്വേഷണവും വിചാരണയും പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ ഈ കോടതികള്‍ക്ക് നിര്‍ബന്ധിത ബാധ്യതയുണ്ടായിരിക്കും.
വെള്ളിയാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ഈ നിര്‍ദ്ദേശങ്ങള്‍ പരിഗണനയ്ക്ക് വന്നതായാണ് വിവരം. നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്ല് തിങ്കളാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയത്തില്‍ രാജ്യവ്യാപകമായി ഉയര്‍ന്ന ആശങ്കകളെ തുടര്‍ന്നാണ് ഈ നീക്കം. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനും പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശനത്തിനും ഇത് വഴിതെളിച്ചിരുന്നു.








