ഭാര്യ പിണങ്ങിപ്പോയതിന് കാരണം മാതാവ്! മാതാവിനെ ഓടിച്ചിട്ട് വെട്ടിപ്പരിക്കേല്‍പിച്ചു, മകന്‍ അറസ്റ്റില്‍

കൊല്ലം: ഭാര്യ തന്നോട് പിണങ്ങിപ്പോകാന്‍ കാരണം മാതാവാണെന്ന് ആരോപിച്ച് വയോധികയ്ക്ക് നേരെ ആക്രമണം. മാതാവിനെ വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച മകന്‍ അറസ്റ്റില്‍. കൊല്ലം തൊടിയൂര്‍ മുഴങ്ങോടി പുത്തന്‍പുരയില്‍ വീട്ടില്‍ രാജേഷ് (56) ആണ് മാതാവ് സരസ്വതി(79)യെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ പ്രതിയെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി റിമാന്‍ഡ് ചെയ്തു. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യ പിണങ്ങി വീട്ടില്‍പോയിരുന്നു. ഇതറിഞ്ഞ രാജേഷ് കഴിഞ്ഞദിവസം വീട്ടിനുള്ളില്‍ വെച്ച് മാതാവുമായി വഴക്കുണ്ടാക്കി. തര്‍ക്കത്തിനിടയില്‍ വെട്ടുകത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു.
വലതുകയ്യില്‍ വെട്ടേറ്റ സരസ്വതി പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും, പുറകെ ഓടിച്ചെന്ന രാജേഷ് വീണ്ടും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ മുഖത്തും കൈയ്ക്കും ഗുരുതരമായി വെട്ടേറ്റ സരസ്വതിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലുള്ള സരസ്വതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് വധശ്രമത്തിന് കേസെടുത്തത്. മകന്‍ തന്നെ മുന്‍പും ഉപദ്രവിക്കാറുണ്ടെന്ന് ഇവര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. കരുനാഗപ്പള്ളി എ.സി.പി സി. ജോണിന്റെ നിര്‍ദ്ദേശപ്രകാരം എസ്.എച്ച്.ഒ പ്രവീണ്‍ എസ്.ബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page