ഓണ്‍ലൈനില്‍ ഐ ഫോണ്‍ ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് താടി വളരാനുള്ള എണ്ണ! ഒന്നര ലക്ഷം നഷ്ടപരിഹാരം

മുംബൈ: ആപ്പിള്‍ ഐഫോണ്‍ 14 പ്രോ ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് താടി വളര്‍ത്തുന്ന ഓയില്‍. സംഭവത്തില്‍ ഫ്‌ലിപ്പ്കാര്‍ട്ടും സെല്ലറും ചേര്‍ന്ന് 1.11 ലക്ഷത്തിലധികം രൂപ തിരികെ നല്‍കാന്‍ മുംബൈയിലെ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. ഇതിനുപുറമേ, നഷ്ടപരിഹാരമായും കേസ് നടത്തിപ്പ് ചെലവായും 70,000 രൂപ നല്‍കാനും ഫോറം ഉത്തരവില്‍ പറയുന്നു. ആവശ്യമായ തുക നല്‍കി ഉപഭോക്താവ് ഫ്‌ലിപ്പ്കാര്‍ട്ട് വഴിയാണ് ഓര്‍ഡര്‍ നല്‍കിയതെന്നും, അതിനാല്‍ കൃത്യമായ ഉല്‍പ്പന്നം തന്നെയാണ് ലഭിച്ചതെന്ന് ഉറപ്പാക്കാന്‍ പ്ലാറ്റ്ഫോമിന് ഉത്തരവാദിത്തമുണ്ടെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.
2023 ഏപ്രില്‍ 22നാണ് മുംബൈ സ്വദേശിയായ യുവാവ് ഫ്‌ലിപ്കാര്‍ട്ട് വഴി ഐ ഫോണ്‍ ഓര്‍ഡര്‍ ചെയ്തത്.
വിലയായി 1,11,793 രൂപയും അടച്ചു. ഇതിനൊപ്പം ഓര്‍ഡര്‍ ചെയ്ത ചാര്‍ജറും കവറും കൃത്യമായി കമ്പനി അയച്ചെങ്കിലും ഫോണിന് പകരം കവറില്‍ കണ്ടത് താടി വളര്‍ത്താനുള്ള എണ്ണയായിരുന്നു. പിന്നാലെ
ചിത്രങ്ങള്‍ സഹിതം പരാതിപ്പെട്ടിരുന്നു. എന്നാല്‍ കമ്പനി പരാതി പരിഗണിക്കുകയോ, റീഫണ്ട് ചെയ്യുകയോ, പകരം ഫോണ്‍ നല്‍കുകയോ ചെയ്തില്ല. പിന്നീട് പരാതി പരിഹരിച്ചതായി സന്ദേശവും അയച്ചു.
ആവര്‍ത്തിച്ച് പരാതിപ്പെട്ടിട്ടും കമ്പനി പരാതി ക്ലോസ് ചെയ്യുന്നത് തുടര്‍ന്നതോടെ ഉപഭോക്താവ് കോടതിയെ സമീപിച്ചത്. ഉല്‍പ്പന്നം വില്‍പന നടത്തിയ സെല്ലറായ ‘ഇന്റര്‍നാഷണല്‍ വാല്യൂ റീട്ടെയില്‍ പ്രൈവറ്റ് ലിമിറ്റഡ്’ സേവനത്തില്‍ വീഴ്ച വരുത്തിയതായി കോടതി കണ്ടെത്തി. ഫ്‌ലിപ്പ്കാര്‍ട്ടും ആപ്പിള്‍ കമ്പനിയും സംയുക്തമായും വെവ്വേറെയും ഉത്തരവാദികളാണെന്ന് ചൂണ്ടിക്കാണിച്ച കമ്മീഷന്‍, ഉപഭോക്താവിനുണ്ടായ നഷ്ടത്തിനും ബുദ്ധിമുട്ടുകള്‍ക്കും ഇരുവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് വ്യക്തമാക്കി.
കേസില്‍ കക്ഷിയാക്കപ്പെട്ട ആപ്പിള്‍ ഇന്ത്യ, തങ്ങള്‍ സ്വതന്ത്ര ഡീലര്‍മാരിലൂടെയും റീസെല്ലര്‍മാരിലൂടെയും ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുക മാത്രമാണ് ചെയ്യുന്നതെന്നും, അത്തരം വില്‍പ്പനക്കാര്‍ക്ക് ഉപഭോക്താക്കളോടുള്ള ഉത്തരവാദിത്തങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും വാദിച്ചു.
തെറ്റായ ഉല്‍പ്പന്നം ഡെലിവറി ചെയ്തതുമായി മാത്രം ബന്ധപ്പെട്ടതാണെന്നും, പാക്കിംഗ്, ഡിസ്പാച്ച് അല്ലെങ്കില്‍ സേവനത്തിലെ വീഴ്ച എന്നിവയില്‍ നിര്‍മ്മാതാക്കളായ ആപ്പിളിന് പങ്കുണ്ടെന്നതിന് തെളിവുകളില്ലെന്നും കോടതി നിരീക്ഷിച്ചു. ഓര്‍ഡര്‍ ചെയ്ത തുകയായ 1,11,793 രൂപ 2023 ഏപ്രില്‍ 22 മുതലുള്ള 9% വാര്‍ഷിക പലിശ സഹിതം പണം നല്‍കുന്നത് വരെ തിരിച്ചടയ്ക്കാന്‍ ഫ്‌ലിപ്പ്കാര്‍ട്ടിനോടും സെല്ലറോടും ഉപഭോക്തൃ ഫോറം നിര്‍ദ്ദേശിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page