സുള്ള്യ: കാസര്‍കോട് മുട്ടത്തൊടി സ്വദേശി അബ്ദുള്‍ മജീദും കൂട്ടാളികളും നിര്‍ത്തിയിട്ട ലോറികളില്‍ നിന്നും കവര്‍ന്ന 5 ബാറ്ററികള്‍ കൂടി കണ്ടെടുത്തു. സുള്ള്യ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്ന് വാഹനങ്ങളില്‍ നിന്നായി അഞ്ച് ബാറ്ററികള്‍ കഴിഞ്ഞ മെയ് 14 ന് രാത്രി കവര്‍ന്നിരുന്നു. ഈ സംഭവത്തില്‍ അബ്ദുല്‍ മജീദിനും സംഘത്തിനും പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വിട്ടല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അഞ്ചു സ്ഥലങ്ങളില്‍ നടന്ന മോഷണ കേസുകളില്‍ മജീദിനെ പൊലീസ് പിടികൂടിയിരുന്നു. ഈ കേസുകളില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു പ്രതി. കഴിഞ്ഞ ദിവസം സുള്ള്യ പൊലീസ് മജീദിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെ അഞ്ച് ബാറ്ററികള്‍ മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു. പിന്നീട് തെളിവെടുപ്പിനിടെ ഇവ കണ്ടെടുത്തു. പ്രതിക്കെതിരെ കുമ്പള, വിട്ടല്‍, ഉപ്പിനങ്ങാടി സ്റ്റേഷനുകളില്‍ നിരവധി ബാറ്ററി മോഷണ കേസുകള്‍ നിലവിലുണ്ട്. കൂട്ടുപ്രതി ചെര്‍ക്കള സ്വദേശി അബ്ദുല്‍ ഷമീറും പിടിയിലായിരുന്നു.








