ലക്ഷ്യം സ്ത്രീകളുടെ മൊബൈല്‍ ഫോണ്‍; ബസില്‍ കൃത്രിമ തിരക്കുണ്ടാക്കി കവര്‍ച്ച നടത്തുന്ന ആള്‍ പിടിയില്‍

കൊച്ചി: ബസിലും ബസ് സ്റ്റോപ്പുകളിലും കൃത്രിമ തിരക്കുണ്ടാക്കി സ്ത്രീകളുടെ മൊബൈല്‍ ഫോണുകള്‍ മാത്രം മോഷ്ടിക്കുന്നയാള്‍ പൊലീസ് പിടിയില്‍. മലയാറ്റൂര്‍ സ്വദേശി ജിജോ ബാബു(39)വിനെയാണ് തൃപ്പൂണിത്തുറ ഹില്‍പ്പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരമ്മറ്റം സ്വദേശിനിയായ വീട്ടമ്മയുടെ മൊബൈല്‍ മോഷ്ടിച്ച കേസിലാണ് പിടിവീണത്. ചൊവ്വാഴ്ച വൈകീട്ട് കിഴക്കേക്കോട്ടയിലെ ബസ് സ്‌റ്റോപ്പില്‍ വച്ച് പ്രതി വീട്ടമ്മയുടെ മൊബൈല്‍ഫോണ്‍ കവരുകയായിരുന്നു. ചോദ്യം ചെയ്യലില്‍ നൂറിലധികം ഫോണുകള്‍ ഇത്തരത്തില്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു. നിരവധി മൊബൈല്‍ കവര്‍ച്ച പരാതികള്‍ ഉയര്‍ന്നതോടെ കള്ളനെ ഏതുവിധേനയും പിടികൂടണമെന്ന തീരുമാനത്തില്‍ കൊച്ചി സിറ്റി പൊലീസ് എത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് മോഷണം നടന്ന കിഴക്കേ കോട്ടയിലെത്തി അന്വേഷണം ആരംഭിച്ചു. നിരീക്ഷണത്തിനിടെ പ്രതി അവിടെയത്തി. മറ്റൊരു മോഷണത്തിന് ഇരയെ നോക്കി നില്‍ക്കുകയായിരുന്നു ജിജോ. സിസിടിവി ദൃശ്യത്തിലൂടെയാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. ഉടന്‍ പൊലീസ് ബസ് സ്റ്റോപ്പിലെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ മോഷണത്തിനെത്തിയതാണെന്ന് സമ്മതിച്ചു. ഹൈക്കോടതി ജംഗ്ഷന്‍, വൈറ്റില ഹബ്, കിഴക്കേകോട്ട തുടങ്ങിയ ജില്ലയിലെ തിരക്കേറിയ സ്ഥലങ്ങളിലാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. നിരവധി കൂട്ടാളികളും യുവാവിന് സഹായത്തിനുണ്ട്. ബസിലും സ്റ്റോപ്പുകളിലും കൃത്രിമ തിരക്കുണ്ടാക്കി സ്ത്രീകളുടെ ബാഗില്‍ നിന്ന് മൊബൈല്‍ കവരും. സ്ത്രീകള്‍ മൊബൈല്‍ ഫോണുകള്‍ ബാഗില്‍ ഇടുന്നതിനാല്‍ എളുപ്പം മോഷ്ടിക്കാനാകുമെന്നും ഇതാണ് സ്ത്രീകളെ മാത്രം ലക്ഷ്യമിടുന്നതെന്ന് ജിജോ പൊലീസിനോട് വെളിപ്പെടുത്തി. മോഷ്ടിക്കുന്ന മൊബൈലുകള്‍
കളമശേരി ഭാഗത്തെ അന്യസംസ്ഥാന തൊഴിലാളിയാണ് വാങ്ങിയിരുന്നത്. ഇയാള്‍ തൊഴിലാളികള്‍ക്ക് പകുതി വിലയ്ക്ക് മറിച്ചുവില്‍ക്കും. ഇയാളെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുകയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page