യു.എസ് – ഇറാൻ സംഘർഷം രൂക്‌ഷമാവുന്നു.തെക്കൻ ഇറാനിലെ തുറമുഖ നഗരങ്ങളിലും സൈനിക കേന്ദ്രങ്ങളിലും യു.എസ് സേനയുടെ ബോംബാക്രമണം 10-ാം ദിവസവും തുടർന്നു. ഇതിന് മറുപടിയായി ബഹ്‌റൈനിലെയും കുവൈറ്റിലെയും യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടയാൻ ഇറാൻ ശ്രമങ്ങൾ നടത്തുന്നു. കടലിടുക്കിൽ വെച്ച് കപ്പലുകൾക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു മലയാളി ജീവനക്കാരനടക്കം കൊല്ലപ്പെട്ടു.
യുകെയിൽ പ്രധാനമന്ത്രി ആൻഡി ബെർണാം തന്റെ പുതിയ മന്ത്രിസഭയിൽ പ്രമുഖ നേതാക്കൾക്ക് ചുമതലകൾ നൽകി ഭരണം ശക്തിപ്പെടുത്തി വരുന്നു.
യു.എസ് – കാനഡ വ്യാപാര തർക്കം: ട്രംപ് ഭരണകൂടം കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് മേൽ പുതിയ 50% തീരുവ ചുമത്തി.
ബാങ്കോക്കിൽ വൻ ദുരന്തം: തായ്‌ലൻഡിലെ ബാങ്കോക്കിൽ ഒരു പബ്ബിലുണ്ടായ വൻ തീപിടിത്തത്തിൽ 27 പേർ മരിക്കുകയും 60-ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കരിങ്കടലിൽ ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യ റഷ്യയോട് കടുത്ത അതൃപ്തി രേഖപ്പെടുത്തി.
സിക്കിമിലെ നാംചി ജില്ലയിൽ ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിലുള്ള തുരങ്കത്തിൽ വാതകസ്ഫോടനത്തെ തുടർന്ന് തകർച്ചയുണ്ടായി. അപകടത്തിൽ 20 പേരോളം മരണപ്പെട്ടതായാണ് വിവരം. കാണാതായവർക്കായി രക്ഷാപ്രവർത്തനം ഊർജിതമായി പുരോഗമിക്കുന്നു.
ഡൽഹിയിൽ കോൺഗ്രസ് പ്രക്ഷോഭവും നേതാക്കളുടെ കസ്റ്റഡിയും
വിദ്യാഭ്യാസ വിഷയങ്ങളുമായി ബന്ധപ്പെട്ട വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം.
രാഹുൽ ഗാന്ധിക്കെതിരെ ബിജെപി വിമർശനം
പ്രതിപക്ഷ പ്രതിഷേധങ്ങൾക്കെതിരെ ബിജെപിയും കേന്ദ്രസർക്കാറും രൂക്ഷവിമർശനവുമായി രംഗത്തെത്തി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അരാജകത്വത്തിന്റെ പ്രതീകമായി മാറിയെന്നും വിദ്യാർത്ഥികളെ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തുടക്കമായി. വരും ദിവസങ്ങളിൽ സുപ്രധാന ബില്ലുകൾ സഭയുടെ പരിഗണനയ്ക്ക് എത്തും. വിവിധ വിഷയങ്ങളിൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കാൻ സാധ്യതയുള്ളതിനാൽ സഭാ നടപടികൾ പ്രക്ഷുബ്ധമായേക്കും.
ഉത്തരേന്ത്യയിൽ മഴക്കെടുതി
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പെയ്യുന്ന കനത്ത മഴയിൽ വൻ നാശനഷ്ടം . ജമ്മു കശ്മീരിലും നാഗാലാൻഡിലുമായി വിവിധ മഴക്കെടുതികളിൽ 27 പേർ മരണപ്പെട്ടു.
പാലാ നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമായി: എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതിനെത്തുടർന്ന് നഗരസഭാ അധ്യക്ഷ ദിയാ പ്രകാശ് പുറത്തായി.
റബ്ബർ താങ്ങുവില വർധിപ്പിച്ചു: റബ്ബറിന്റെ താങ്ങുവില 250 രൂപയായി ഉയർത്തിയതായി മന്ത്രി മോൻസ് ജോസഫ് അറിയിച്ചു.
കൊച്ചി മെട്രോ സമയം പുനഃക്രമീകരിച്ചു: ജൂലൈ 22 മുതൽ കൊച്ചി മെട്രോയിൽ അധിക സർവീസുകളും പുതിയ സമയക്രമീകരണങ്ങളും പ്രാബല്യത്തിൽ വന്നു.
ആറന്മുള വള്ളസദ്യ മുൻകൂട്ടി ബുക്ക് ചെയ്യാം: ആറന്മുള വള്ളസദ്യയ്ക്ക് ഓൺലൈൻ വഴി 50 സദ്യ വരെ മുൻകൂട്ടി ബുക്ക് ചെയ്യാനും 300 രൂപയുടെ പാസ് നേടാനുമുള്ള സൗകര്യം സജ്ജമാക്കി.
കോൺഗ്രസ് പ്രതിഷേധവും ട്രെയിൻ തടയലും: നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കണ്ണൂരിലും ആലപ്പുഴയിലും കോൺഗ്രസ് പ്രവർത്തകർ ട്രെയിൻ തടഞ്ഞു.
ചെന്താമരയ്ക്ക് തൂക്കുകയർ: നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി ചെന്താമരയ്ക്ക് കോടതി മരണശിക്ഷ വിധിച്ചു.
യുക്രെയ്നിൽ കപ്പലിന് നേരെ റഷ്യൻ ആക്രമണം: കാസർകോട് സ്വദേശി കൊല്ലപ്പെട്ടു.
യുക്രെയ്നിലെ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ കാസർകോട് വെള്ളരിക്കുണ്ട് എ.കെ.ജി നഗർ സ്വദേശിയായ അഖിൽ ജോയൻ (26) കൊല്ലപ്പെട്ടു. കപ്പലിലുണ്ടായിരുന്ന 10 പേരാണ് ആക്രമണത്തിൽ മരിച്ചത്.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാസർകോട് സ്വദേശിയായ യാത്രക്കാരനോട് കസ്റ്റംസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറുകയും അനാവശ്യമായി വസ്ത്രമഴിച്ച് പരിശോധിക്കുകയും ചെയ്തതായി പരാതി.
പെരഡാല മടിപ്പിൽ അണക്കെട്ട് അപകടാവസ്ഥയിൽ
വർഷങ്ങളുടെ കാലപ്പഴക്കം കാരണം പെരഡാല പള്ളിക്കണ്ടം മടിപ്പിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ട് തകർച്ചാ ഭീഷണിയിലാണെന്ന് നാട്ടുകാർ. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്.
കുടുംബശ്രീയുടെ ‘നവ ആയുഷ്’ ഗോത്രവൈദ്യ ചികിത്സാകേന്ദ്രം കാഞ്ഞങ്ങാട്ട്
പരമ്പരാഗത ഗോത്രവൈദ്യത്തിന്റെ തനിമ നിലനിർത്തി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ കാസർകോട് ജില്ലാ മിഷൻ കാഞ്ഞങ്ങാട്ട് ‘നവ ആയുഷ്’ കേന്ദ്രം ആരംഭിച്ചു.








