കൊച്ചി: മകന്‍ അകാലത്തില്‍ മരിച്ചതിനെ തുടര്‍ന്ന് മനോവിഷമത്തിലായിരുന്ന ദമ്പതികള്‍ ജീവനൊടുക്കിയ നിലയില്‍. വൈപ്പിന്‍ ഞാറയ്ക്കല്‍ കളത്തിപ്പറമ്പില്‍ സഞ്ജീവ് (70) ഭാര്യ സബിത (60) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ വീടിന്റെ മുന്‍വശത്തുള്ള മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
രാവിലെ ഒന്‍പത് മണിയോടെ വീട്ടില്‍ വരുമെന്ന് സഞ്ജീവ് സഹോദരനെ വിളിച്ച് പറഞ്ഞിരുന്നു. രാവിലെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വിവരമറിയിച്ചതിനെ തുടര്‍ന്ന് അയല്‍വാസി വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടത്. ഞാറയ്ക്കല്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. നിയമവകുപ്പില്‍ ഉദ്യോഗസ്ഥയായിരുന്ന സബിത ഏതാനും വര്‍ഷം മുന്‍പാണ് വിരമിച്ചത്. വിദേശത്തായിരുന്ന സഞ്ജീവ് മടങ്ങിയെത്തിയതിനു ശേഷം മഞ്ഞക്കാട് മറയില്‍ മറൈന്‍ വര്‍ക്ഷോപ്പ് നടത്തിവരികയായിരുന്നു. ഇവരുടെ ഏക മകന്‍ സിജോയ് ഏതാനും വര്‍ഷം മുമ്പ് അസുഖം മൂലം മരിച്ചിരുന്നു. പിന്നീട് ഇരുവരും കടുത്ത മാനസിക വിഷമത്തിലായിരുന്നു എന്നാണ് വിവരം. ഒരു വര്‍ഷം മുന്‍പ് കൈയിലെ ഞരമ്പ് മുറിച്ച് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഏറെ നാളത്തെ ചികിത്സയ്ക്കു ശേഷമാണ് ആശുപത്രി വിട്ടത്.








