കോട്ടയം: യു.ഡി.എഫ്. ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഇതോടെ യു ഡി എഫിന് ഭരണം നഷ്ടമായി. വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും വിമതയായി വിജയിച്ച മായാ രാഹുലും എല്‍ഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചു. എല്‍ ഡി എഫിലെ 12 അംഗങ്ങള്‍ ഉള്‍പ്പെടെ 17 പേര്‍ അവിശ്വാസത്തെ പിന്തുണച്ചു. പാലാ നഗരസഭയില്‍ 26 അംഗങ്ങളാണുള്ളത്. 14 പേരുടെ പിന്തുണയാണ് അവിശ്വാസം പാസാകാന്‍ വേണ്ടത്. റിയ ചീരാംകുഴി, സെബാസ്റ്റ്യന്‍ പനക്കല്‍ എന്നീ കോണ്‍ഗ്രസ് അംഗങ്ങളും, കേരള കോണ്‍ഗ്രസിന്റെ മൂന്ന് അംഗങ്ങളായ സോണിയ ചിറ്റേട്ട്, ബിജു വരിക്കാനി, സിജി ടോണി എന്നിവരും മാണി.സി. കാപ്പന്റെ പാര്‍ട്ടിയായ കെ.ഡി.പിയിലെ പ്രിന്‍സി സണ്ണിയും യോഗത്തില്‍ ഹാജരായിരുന്നില്ല. ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെയാണ് യുഡിഎഫിന് പാലാ നഗരസഭയില്‍ ഭരണം ലഭിച്ചത്. വൈസ് ചെയര്‍പേഴ്‌സണ്‍ പദവി സംബന്ധിച്ച തര്‍ക്കമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്.








