മംഗളൂരു: പെൺകുട്ടിയുമായി രാത്രി മൊബൈൽ ഫോണിൽ സംസാരിച്ചതിന്റെ പേരിൽ ഇളയ സഹോദരനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മംഗളൂരു താലൂക്കിലെ കാട്ടിപള്ള ചൊക്കബെട്ടുവിൽ താമസിക്കുന്ന സോമനാഥി(21) നെയാണ് സുറത്കൽ പൊലിസ് പിടികൂടിയത്. ഇളയ സഹോദരൻ മല്ലികാർജുനയെയാണ് യുവാവ് ക്രൂരമായി കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കൊപ്പൽ ജില്ലയിലെ കുഷ്ടഗി താലൂക്കിലെ തഗ്യാല സ്വദേശികളായ ഇവർ കഴിഞ്ഞ അഞ്ചുവർഷമായി ചോക്കബെട്ടുവിലെ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. സംഭവദിവസം രാത്രി മല്ലികാർജുന മണിക്കൂറോളം ഒരു പെൺകുട്ടിയുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇത് തടസ്സപ്പെടുത്താൻ സഹോദരൻ സോമനാഥ് ശ്രമിച്ചിരുന്നു. ഫോൺകോളിനെ ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റവും നടന്നിരുന്നു. തന്റെ വ്യക്തിപരമായ കാര്യത്തിൽ ഇടപെടരുതെന്ന് മല്ലികാർജന സഹോദരനോട് പറഞ്ഞത് യുവാവിനെ പ്രകോപിതനാക്കി. തൽക്കാലം പ്രശ്നങ്ങൾ അവസാനിച്ചിരുന്നു. എന്നാൽ മല്ലികാർജ്ജന ഉറങ്ങാൻ കാത്തു നിൽക്കുകയായിരുന്നു സോമനാഥ്. പിന്നീട് അർധരാത്രിയിൽ, വീട്ടിൽ സൂക്ഷിച്ചിരുന്ന കോടാലി ഉപയോഗിച്ച് മല്ലികാർജുനയുടെ തലയിലും മുഖത്തും വെട്ടിപ്പരിക്കേൽപ്പിച്ചു. തുടർന്ന് സംഭവസ്ഥലത്ത് നിന്ന് യുവാവ് ഓടി രക്ഷപ്പെട്ടു. മല്ലികാർജുന അപ്പോൾ തന്നെ മരിച്ചിരുന്നു. വിവരത്തെ തുടർന്ന് സുറത്കൽ പൊലീസ് സ്ഥലത്തെത്തി. പിന്നീട് നടത്തിയ അന്വേഷണത്തിൽ കൃഷ്ണപുര മഠം റോഡിന് സമീപമുള്ള കുറ്റിക്കാട്ടിൽ ഒളിച്ച സോമനാഥിനെ കണ്ടെത്തി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ തിങ്കളാഴ്ച വൈകിട്ട് കോടതിയിൽ ഹാജരാക്കി.








