സിക്കിമില്‍ തുരങ്ക നിര്‍മാണത്തിനിടെ മണ്ണിടിച്ചില്‍; 11 മരണം, 15 ഓളം തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

ഗാങ്‌ടോക്: സിക്കിമില്‍ തുരങ്ക നിര്‍മാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലില്‍ 11 പേര്‍ മരിച്ചു. തുരങ്കത്തിനുള്ളില്‍ അകപ്പെട്ട 12 പേരെ രക്ഷപ്പെടുത്തി. 15-ഓളം പേര്‍ ഇപ്പോഴും തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. നാഷനല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍ (എന്‍.എച്ച്.പി.സി) ജീവനക്കാര്‍ ഉള്‍പ്പെടെ 40 ഓളം തൊഴിലാളികളാണ് തുരങ്കത്തിനുള്ളില്‍ കുടുങ്ങിയത്. നാംചി ജില്ലയിലെ തീസ്ത സ്റ്റേജ് -ആറ് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന തുരങ്കമാണിത്.
സിക്കിമിലെ സമര്‍ദങ് തുരങ്കത്തില്‍ തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. നിര്‍മാണം നടക്കുന്ന തുരങ്കത്തിനുള്ളില്‍ മണ്ണിടിച്ചിലുണ്ടായതോടെ പുറത്തേക്കുള്ള വഴി പൂര്‍ണമായും അടഞ്ഞു. തുരങ്കത്തിനുള്ളില്‍ മീഥെയ്ന്‍ വാതകത്തിന്റെ അളവ് അപകടകരമായരീതിയില്‍ ഉയര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനവും വെല്ലുവിളിയായി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഇതാണ് മണ്ണിടിച്ചിലിന് കാരണമായതെന്നാണ് വിലയിരുത്തല്‍. അയല്‍ സംസ്ഥാനമായ പശ്ചിമബംഗാളില്‍ നിന്നുള്ള പ്രത്യേക രക്ഷാപ്രവര്‍ത്തക സംഘവും അത്യാധുനിക ഉപകരണങ്ങളുമായി സ്ഥലത്തെത്തിയിട്ടുണ്ട്. മരിച്ച 11 പേരുടെ മൃതദേഹങ്ങള്‍ സിങ്തം ജില്ല ആശുപത്രി, ഗാങ്‌ടോക്കിലെ എസ്.ടി.എന്‍.എം ആശുപത്രി, നാംചി ജില്ല ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റിയതായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page