പത്തനംതിട്ട: റാന്നി വയലത്തലയില്‍ മൂന്നുവയസുകാരി ഷോക്കേറ്റ് മരിച്ചു. ബിനോയ് തോമസിന്റെയും സാന്ദ്രയുടെയും മകള്‍ അവന്തികയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മാതാവ് സാന്ദ്ര കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ കുട്ടി വീട്ടിനുള്ളിലിരുന്ന് കളിക്കുകയായിരുന്നു. പിന്നീട് മാതാവ് കുളികഴിഞ്ഞുവന്നപ്പോള്‍ കാണുന്നത് കുട്ടി അബോധാവസ്ഥയില്‍ കിടക്കുന്നതാണ്. കുട്ടിയെ തൊട്ടപ്പോള്‍ മാതാവിനും ഷോക്കേറ്റിരുന്നു. ഉടന്‍ തന്നെ കുട്ടിയെ റാന്നി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഷോക്കേറ്റതാണ് മരണകാരണമെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു. കട്ടിലില്‍ വച്ചിരുന്ന എക്സ്റ്റന്‍ഷന്‍ ബോര്‍ഡില്‍ നിന്നാണ് വൈദ്യുതാഘാതം ഏറ്റതെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.








