കാസര്‍കോട്: കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വാഹനപരിശോധന നടത്തുന്നതിനിടയില്‍ പൊലീസുകാരനെ കുത്തിക്കൊല്ലാന്‍ ശ്രമം. സംഭവത്തില്‍ നരഹത്യാശ്രമത്തിനു കേസെടുത്ത പൊലീസ് മൂന്നു പേരെ അറസ്റ്റു ചെയ്തു. ബദിയഡുക്ക, നെക്രാജെ സ്വദേശികളായ സഫ് വാന്‍, അമീര്‍, കാഞ്ഞങ്ങാട്, കല്ലൂരാവിയിലെ മുഹമ്മദ് ഷമീന്‍ എന്നിവരാണ് അറസ്റ്റിലായത്. എആര്‍ ക്യാമ്പിലെ പൊലീസുകാരനായ സന്ദീപിനാണ് കുത്തേറ്റത്.

ഇന്ന് (ചൊവ്വ) പുലര്‍ച്ചെ ഒന്നര മണിയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്താണ് അക്രമ സംഭവം അരങ്ങേറിയത്. കണ്‍ട്രോള്‍ റൂം എസ്‌ഐയുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുകയായിരുന്നു പൊലീസ് സംഘം. ഇതിനിടയില്‍ കറന്തക്കാട് ഭാഗത്ത് നിന്നു ഒരു ബൈക്കില്‍ എത്തുകയായിരുന്നു മൂന്നംഗ സംഘം. ബൈക്ക് യാത്രക്കാര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. ബൈക്ക് തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നതിനിടയില്‍ ബൈക്ക് യാത്രക്കാർ പൊലീസുകാരോട് തട്ടിക്കയറുകയായിരുന്നുവെന്നു പറയുന്നു. ഇതിനിടയിൽ പൊലീസുകാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമം ഉണ്ടായപ്പോള്‍ സന്ദീപ് തടയാന്‍ ശ്രമിക്കുകയും ഈ സമയത്ത് ബൈക്ക് യാത്രക്കാരില്‍ ഒരാള്‍ കത്തിയെടുത്ത് കഴുത്തിനു കുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് കാസര്‍കോട് ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. കുത്ത് തടയുന്നതിനിടയിലാണ് സന്ദീപിന്റെ വലതു കൈവെള്ളയില്‍ മുറിവേറ്റത്. ഇതിനിടയില്‍ കൂടുതല്‍ പൊലീസെത്തി മൂന്നു പേരെയും കീഴ്‌പ്പെടുത്തി അറസ്റ്റു ചെയ്യുകയായിരുന്നു.









