ഉക്രൈനില്‍ കൊല്ലപ്പെട്ട അഖില്‍ ജോയലിന്റെ വീട് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ചു

കാസര്‍കോട്: ഉക്രൈനില്‍ കൊല്ലപ്പെട്ട നാവികന്‍ വെള്ളരിക്കുണ്ടിലെ അഖില്‍ ജോയലിന്റെ വീട് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ചു. കൊല്ലപ്പെട്ട അഖിലിന്റെ മാതാപിതാക്കളായ ജോയല്‍, സാലി എന്നിവരേയും മറ്റു ബന്ധുക്കളേയും അനുശോചനം അറിയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം മരണം സ്ഥിരീകരിച്ച് സന്ദേശം നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാറും നോര്‍ക്കയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ നടപടികളും എത്രയും വേഗം സ്വീകരിക്കുന്നുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ലഭ്യമാകുന്ന വിവരങ്ങള്‍ വേഗത്തില്‍ ബന്ധുകള്‍ക്ക് ലഭ്യമാക്കും. അഖില്‍ ജോയിലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നുണ്ട്. അഖിലിന്റെ കുടുംബത്തിന് അര്‍ഹമായ അനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാറുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടവും പൂര്‍ണ സഹകരണം ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ കെ.ബി രാമു മറ്റു റവന്യു ഉദ്യോഗസ്ഥര്‍ എന്നിവരും കളക്ടറോടൊപ്പമുണ്ടായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് അഖില്‍ മരണപ്പെട്ടതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത്. ഉക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്കപ്പലിന് നേരെ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് അഖില്‍ ജോയല്‍ ഉള്‍പ്പെടെ പത്തു നാവികര്‍ കൊല്ലപ്പെട്ടത്.
ഗോള്‍ഡന്‍ ലിയോ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യന്‍, സിറിയന്‍ നാവികരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഭക്ഷ്യധാന്യങ്ങള്‍ നിറച്ച കപ്പലാണ് ആക്രമിക്കപ്പെട്ടത്.
അതേസമയം, ഉക്രൈന്‍ കപ്പല്‍ ആക്രമണത്തില്‍ മലയാളി മരിച്ച സംഭവത്തില്‍ വിവരങ്ങള്‍ തേടാന്‍ നോര്‍ക്കയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. റഷ്യന്‍ കോണ്‍സുലേറ്റുമായും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവുമായും ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ നോര്‍ക്കയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page