താല്‍ക്കാലികമായി നിര്‍മ്മിച്ച കവുങ്ങ് പാലത്തില്‍ നിന്ന് യുവതി കുത്തിയൊഴുകുന്ന പുഴയിലേക്ക് വീണു; ജീവന്‍ പണയം വച്ച് പുഴയില്‍ ചാടി യുവതിയെ രക്ഷിച്ച ഉദയന്‍ താരമായി

കാസര്‍കോട്: കോളേജിലേക്ക് പോയ സഹോദരിയെയും കൂട്ടി വീട്ടിലേക്ക് പോവുകയായിരുന്ന യുവതി കാല്‍ തെന്നി കുത്തിയൊഴുകുന്ന പുഴയിലേക്ക് വീണു. സംഭവം നേരില്‍ കണ്ട യുവാവ് സ്വന്തം ജീവന്‍ പണയപ്പെടുത്തി പുഴയിലേക്ക് ചാടി യുവതിയെ അതി സാഹസികമായി രക്ഷപ്പെടുത്തി. ഇന്നലെ (തിങ്കള്‍) വൈകുന്നേരം നാലു മണിയോടെ ഉപ്പള പുഴയിലെ ജോഡ്ക്കല്ലിലാണ് അപകടം. പുത്തൂരിലെ കോളേജിലേക്ക് പോയ സഹോദരി നിഷ്മിതയെയും കൂട്ടി വീട്ടിലേക്ക് പോവുകയായിരുന്ന ജ്യേഷ്ഠ സഹോദരി സുഷ്മിത(22)യാണ് അപകടത്തില്‍പ്പെട്ടത്. നിഷ്മിതയുടെ കോളേജ് ബാഗും രണ്ട് മൊബൈല്‍ ഫോണുകളും ടാബും നഷ്ടപ്പെട്ടു.
സംഭവത്തെക്കുറിച്ച് നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ: “ഉപ്പള പുഴയ്ക്ക് കുറുകെ ജോഡ്ക്കല്ലിൽ നിര്‍മ്മിച്ചിരുന്ന കോണ്‍ക്രീറ്റ് നടപ്പാലം നാലു വര്‍ഷം മുമ്പത്തെ ഒരു പെരുമഴക്കാലത്ത് തകര്‍ന്നിരുന്നു. അതിന് ശേഷം നാട്ടുകാര്‍ അധികൃതരുടെ മുന്നില്‍ പല തവണ അപേക്ഷയുമായി സമീപിച്ചുവെങ്കിലും പാലം പുനർ നിർമ്മിച്ച് നൽകിയില്ല. നടപ്പാലം ഇല്ലെങ്കിൽ എഴു കിലോമീറ്റർ അധികം യാത്ര ചെയ്തു വേണം ജോഡ്ക്കല്ലിൽ എത്താൻ .ഇതേ തുടര്‍ന്ന് നാട്ടുകാര്‍ മുന്‍കൈയെടുത്താണ് കവുങ്ങിന്‍ തടികള്‍ ഉപയോഗിച്ച് താല്‍ക്കാലിക നടപ്പാലം പണിതത്. പതിവുപോലെ ഇത്തവണയും നടപ്പാലം പുതുക്കി പണിതിരുന്നു. കനത്ത മഴ കാരണം ഉപ്പള പുഴയില്‍ ഇന്നലെ കുത്തൊഴുക്ക് ഉണ്ടായിരുന്നു. അതിനാലാണ് പുത്തൂരിലെ കോളേജിലേക്ക് പോയ നിഷ്മിതയെ കൂട്ടാനായി സഹോദരി സുഷ്മിത ദേരംബളയിലെ വീട്ടിൽ നിന്നു ജോഡ്കല്ലിലെത്തിയത്. അവിടെ നിന്നു താല്‍ക്കാലിക പാലം കടന്ന് വീട്ടിലെത്തുകയായിരുന്നു ലക്ഷ്യം. സഹോദരിയെയും കൂട്ടി പാലത്തിലൂടെ മറുകരയിലേയ്ക്ക് നടക്കുന്നതിനിടയിലാണ് കാല്‍ തെന്നി സുഷ്മിത പുഴയിലേക്ക് വീണത്. സഹോദരിയുടെ കോളേജ് ബാഗ് ഇവരുടെ കൈയിലാണ് ഉണ്ടായിരുന്നത്. സഹോദരി പുഴയില്‍ വീണതോടെ നിഷ്മിത നിലവിളിക്കുകയായിരുന്നു. നിലിവിളി കേട്ട് സ്ഥലത്ത് ഉണ്ടായിരുന്ന ഉദയന്‍ ഓടിയെത്തുകയും തന്റെ ജീവന്‍ പോലും നോക്കാതെ കുത്തിയൊലിക്കുന്ന പുഴയിലേക്ക് എടുത്ത ചാടി. സുഷ്മിതയെ രക്ഷിച്ച് കരക്കെത്തിച്ചു. ഇതിനിടയില്‍ നിരവധി പേര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് സുഷ്മിതയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. എന്നാല്‍ കാര്യമായ പരിക്കില്ലാത്തതിന്റെ ആശ്വാസത്തിലാണ് യുവതിയും കുടുംബവും. ഇന്നലെയുണ്ടായ അപകടത്തോടെ ജോഡ്ക്കല്ലില്‍ ഉപ്പള പുഴയ്ക്ക് കുറുകെ സ്ഥിരം നടപ്പാലമെന്ന ആവശ്യം വീണ്ടും ശക്തമായി.” യുവതിയുടെ ജീവന്‍ രക്ഷിച്ച ഉദയനെ നാട്ടുകാര്‍ അഭിനന്ദിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page