തിരുവനന്തപുരം: രാത്രി കാണാതായ 17കാരനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കല്ലറ കുറ്റിമൂട് അനു മന്ദിരത്തില്‍ അഖില്‍ (17) ആണ് മരിച്ചത്. കല്ലറ ജംഗ്ഷനിലുള്ള എംജിഎം ടവറിന്റെ മൂന്നാമത്തെ നിലയിലെ സ്റ്റെയര്‍കെയ്‌സ് ജനല്‍ കമ്പിയിലാണ് അഖിലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി 11.30 യോടെ അഖില്‍ വീട്ടില്‍ നിന്നും പുറത്തേക്ക് പോയിരുന്നു. എന്നാല്‍ ഏറെ സമയമായിട്ടും തിരികെ വന്നില്ല. തുടര്‍ന്ന് സഹോദരന്‍ അക്ഷയ് സുഹൃത്തുക്കളോട് അന്വേഷിച്ചു. പിന്നീട് നടത്തിയ തെരച്ചിലിലാണ് എംജിഎം ടവറില്‍ നിന്നും അഖിലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അഖില്‍ പ്ലസ് ടു പഠനം കഴിഞ്ഞ് നില്‍ക്കുകയായിരുന്നു. ഒരു പെണ്‍കുട്ടിയുമായി പ്രണയബന്ധത്തിലായിരുന്നെന്നും അത് തകര്‍ന്നതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും പൊലീസ് പറയുന്നു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.








