കാസര്‍കോട്: ഇടവേളക്ക് ശേഷം കുമ്പളയില്‍ വീണ്ടും ബാറ്ററി മോഷണം. സര്‍വ്വീസ് അവസാനിച്ച ശേഷം നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന്റെ ബാറ്ററി ഊരിക്കൊണ്ടു പോയി. കുമ്പള-ബദിയഡുക്ക റോഡില്‍ ആര്‍ടിഒ ക്യാമറയ്ക്കു സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മഹാലക്ഷ്മി ബസിന്റെ ബാറ്ററികളില്‍ ഒന്നാണ് മോഷണം പോയത്. ജീവനക്കാര്‍ ഇന്ന് (തിങ്കള്‍) രാവിലെ എത്തി സര്‍വ്വീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് ഒരു ബാറ്ററി മോഷണം പോയതായുള്ള വിവരം മനസ്സിലായത്. ഇത് സംബന്ധിച്ച് ബസ് ഡ്രൈവര്‍ ദിനേശ് കുമ്പള പൊലീസില്‍ പരാതി നല്‍കി.
നേരത്തെ കുമ്പളയില്‍ പത്തോളം വാഹനങ്ങളുടെ ബാറ്ററികള്‍ മോഷണം പോവുകയും രണ്ടു പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. പ്രസ്തുത പ്രതികള്‍ക്കെതിരെ വിട്‌ളയിലും സമാന കേസുകളുള്ളതായി പൊലീസ് പറഞ്ഞു.








