യുക്രെയ്നിൽ കപ്പലിനു നേരെ റഷ്യൻ ആക്രമണം: കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയടക്കം 10 പേർ കൊല്ലപ്പെട്ടു

കീവ് : യുക്രെയ്ൻ‍ ഒഡേസയുടെ തീരത്ത് ചരക്കു കപ്പലിനു നേരെ റഷ്യ നടത്തിയ ആക്രമണത്തിൽ മലയാളിയടക്കം 10 പേർ കൊല്ലപ്പെട്ടു. കാസർകോട് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി വാലിപ്ലാക്കൽ അഖിൽ ജോയൽ (26) ആണ് മരിച്ചത്. ഗിനിയ-ബിസാവു പതാകയുള്ള കപ്പലിന് നേരെയാണ് റഷ്യൻ ക്രൂസ് മിസൈൽ ആക്രമണം ഉണ്ടായതെന്നു യുക്രെയ്ൻ വ്യോമസേന അറിയിച്ചു. ഇന്ത്യൻ–സിറിയൻ നാവികരാണ് കപ്പലിലുണ്ടായിരുന്നത്. ‘ഗോൾ‍‍ഡൻ ലിയോ’ എന്ന കപ്പലിനു നേരെയാണ് ആക്രമണം. 8 പേരെ രക്ഷപ്പെടുത്തിയതായി യുക്രെയ്ൻ നാവിക സേന അറിയിച്ചു. എകെജി നഗറിലെ ജോയലിന്റെയും സാലിയുടെയും ഏക മകനാണ് അഖിൽ ജോയൽ. തിങ്കളാഴ്ച ഉച്ചയോടെയാണ് ജോലി സ്ഥലത്ത് നിന്നും മരണപ്പെട്ട വിവരം വീട്ടുകാർക്ക് ഇമെയിൽ സന്ദേശം ലഭിച്ചത്. ലീവിന് നാട്ടിൽ വന്ന് വിവാഹം ഉറപ്പിച്ച് ഒരു മാസം മുമ്പാണ് തിരിച്ചു പോയത്. തൻ്റെ പത്തൊമ്പതാം വയസ്സിൽ ഷിപ്പിൽ ജോലിക്ക് ചേർന്ന ജോയൽ മികച്ച വടംവലി താരവും ഫിംഗർ പുള്ളിംഗിൽ വേൾഡ് റെക്കോർഡ് ഉടമയുമാണ്. അപകടം സംബന്ധിച്ച മറ്റു വിവരങ്ങളൊന്നും ബന്ധുക്കൾക്കു ലഭ്യമായിട്ടില്ല. കൂടുതൽ വിവരങ്ങൾക്കായി വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ നടത്തുകയാണ് ബന്ധുക്കൾ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page