കാസർകോട്: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് കാസർകോട് ബ്രാഞ്ചും ഐഎപി കേരള ഡെർമറ്റോളജി ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച പെഡ് ഡെർമാകോൺ 2026 സംസ്ഥാനതല പീഡിയാട്രിക് ഡെർമറ്റോളജി സമ്മേളനം വിജയകരമായി നടന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ശിശുരോഗ വിദഗ്ധർ, ത്വക്‌രോഗ വിദഗ്ധർ, ബിരുദാനന്തര വിദ്യാർത്ഥികൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ പ്രമുഖ നേതാക്കൾ പങ്കെടുത്തു. ഐഎപി കാസർകോട് പ്രസിഡന്റ് ഡോ. മാഹിൻ പി. അബ്ദുള്ള സ്വാഗതംപറഞ്ഞു. ശിശുരോഗ ചികിത്സയുടെ നിലവാരം ഉയർത്തുന്നതിനും അക്കാദമിക മികവ് വളർത്തുന്നതിനും ഇത്തരത്തിലുള്ള സംയുക്ത ശാസ്ത്രീയ സമ്മേളനങ്ങളുടെ പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു.ഐഎപി കേരള ഡെർമറ്റോളജി ചാപ്റ്റർ ചെയർപേഴ്സൺ ഡോ. യശ്വന്ത് കുമാർ എ. എം. അധ്യക്ഷത വഹിച്ചു. ചാപ്റ്റർ കൺവീനർ ഡോ. റെനി ജോസഫ്. റിപ്പോർട്ട് അവതരിപ്പിച്ചു. ചാപ്റ്ററിന്റെ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും വിശദീകരിച്ചു.ഐഎപി കേരള പ്രസിഡന്റ് ഡോ. എം. കെ. നന്ദകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ദൈനംദിന ശിശുരോഗ ചികിത്സയിൽ പീഡിയാട്രിക് ഡെർമറ്റോളജിയുടെ വർധിച്ചുവരുന്ന പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടുകയും, മികച്ച രോഗപരിചരണത്തിനായി തുടർച്ചയായ വൈദ്യശാസ്ത്ര വിദ്യാഭ്യാസത്തിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.ഐഎപി കേരള സെക്രട്ടറി ഡോ. ഗോപിമോഹൻ ആർ., എൻ.ഇ. ബി.എം. പ്രതിനിധി ഡോ. ജോണി സെബാസ്റ്റ്യൻ, ഐഎപി മുൻ പ്രസിഡന്റ് ഡോ. ബി. നാരായൺ നായിക് പ്രസംഗിച്ചു.ഉയർന്ന നിലവാരത്തിലുള്ള അക്കാദമിക് സമ്മേളനം സംഘടിപ്പിച്ച സംഘാടക സമിതിയെ അവർ അഭിനന്ദിക്കുകയും ഐഎപി കാസർകോട് ബ്രാഞ്ചിന്റെ അക്കാദമിക മികവിനെ പ്രശംസിക്കുകയും ചെയ്തു. ഐഎപി കാസർകോട് ബ്രാഞ്ചിന് സെൻട്രൽ ഐഎപി അവാർഡ് ചടങ്ങിൽ സമ്മാനിച്ചു. ദേശീയ തലത്തിലെ മികച്ച അക്കാദമികവും സംഘടനാപരവുമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഈ പുരസ്കാരം ലഭിച്ചത്. ശാസ്ത്രീയ സെഷനുകളിൽ പ്രമുഖ വിദഗ്ധർ വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തി. ഡോ. സ്മിത മുരളി നവജാത ശിശുക്കളിലെ ത്വക് രോഗങ്ങൾ, പ്രൊഫ. ഡോ. ശ്രുതികീർത്തി ഡി. ഷെണോയ് അറ്റോപിക് ഡെർമറ്റൈറ്റിസിലെ പുതിയ ചികിത്സാ സമീപനങ്ങൾ, പ്രൊഫ. ഡോ. നജീബ റിയാസ് കുട്ടികളിലെ മുടിയുടെയും നഖത്തിന്റെയും രോഗങ്ങൾ, പ്രൊഫ. ഡോ. റഹീമ കുട്ടികളിലെ സാധാരണ പിഗ്മെന്ററി രോഗങ്ങളുടെ സമീപനം എന്നീ വിഷയങ്ങളിൽ പ്രസംഗിച്ചു.ഡോ. ഗോപിമോഹൻ ആർ. മോഡറേറ്ററായ കുട്ടികളിലെ സാധാരണ ത്വക് അണുബാധകളും പരാന്നഭോജി രോഗങ്ങളും എന്ന വിഷയത്തിലുള്ള പാനൽ ചർച്ച സമ്മേളനത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു. ഡോ. അനിഷ പി. ബിന്ദഗി കൗമാരപ്രായക്കാരിലെ ത്വക് പ്രശ്നങ്ങൾ അവതരിപ്പിച്ചു. ഡോ. രാകേഷ് എസ്. വി. മോഡറേറ്ററായ പീഡിയാട്രിക് ഡെർമറ്റോളജി പൊട്പൂരി സെഷനിൽ ടോപ്പിക്കൽ സ്റ്റിറോയിഡുകളുടെ സുരക്ഷിത ഉപയോഗം, സൺസ്ക്രീൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോളജിക്സ്, പീഡിയാട്രിക് സോറിയാസിസ്, അർട്ടിക്കേറിയ എന്നിവയെക്കുറിച്ച് വിദഗ്ധർ സംസാരിച്ചു. ഡോ. എസ്. ആർ. നരഹരി ഡെർമറ്റോളജിക്കൽ എമർജൻസികൾ എന്ന വിഷയം അവതരിപ്പിച്ചു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ശിശുരോഗ വിദഗ്ധരും ത്വക് രോഗ വിദഗ്ധരും വിവിധ സെഷനുകൾക്ക് അധ്യക്ഷത വഹിച്ചു. പ്രതിനിധികളുടെ ആവേശകരമായ പങ്കാളിത്തം സമ്മേളനത്തെ സമ്പന്നമാക്കുകയും സജീവമായ അക്കാദമിക സംവാദങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തു.ഐഎപി കാസർകോട് സെക്രട്ടറി ഡോ. ഉദയ് ശ്രീനിവാസ് നന്ദി പറഞ്ഞു.പെഡ് ഡെർമാകോൺ 2026, വിവിധ സ്പെഷ്യാലിറ്റികൾ തമ്മിലുള്ള സഹകരണത്തിന്റെയും തുടർച്ചയായ വൈദ്യശാസ്ത്ര വിദ്യാഭ്യാസത്തിന്റെയും പ്രാധാന്യം വീണ്ടും ഊന്നിപ്പറയുകയും, കുട്ടികളുടെ ത്വക് രോഗചികിത്സയുടെ നിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ഐഎപിയുടെ അക്കാദമിക പ്രതിബദ്ധത ശക്തിപ്പെടുത്തുകയും ചെയ്തു.







