കാസർകോട്: ഡിജിറ്റൽ അറസ്റ്റ്’ എന്ന് വിശ്വസിപ്പിച്ച് ഭീഷണിപ്പെടുത്തി വയോധികയിൽ നിന്ന് അഞ്ചര ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ കരിവേടകം വില്ലേജിൽ പേയാനാട്ട് വീട്ടിൽ ലീലാമ്മ ജോസഫ് (71) ആണ് തട്ടിപ്പിന് ഇരയായത്. ഈ വർഷം മാർച്ച് 17 മുതൽ 19 വരെയുള്ള ദിവസങ്ങളിലായാണ് തട്ടിപ്പ് നടന്നത്. വീട്ടമ്മയെ അജ്ഞാതരായ പ്രതികൾ ഫോണിൽ വിളിച്ച് ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്തിരിക്കുകയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ഭയപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ഇവരെ ഭീഷണിപ്പെടുത്തി ബാങ്ക് ഇടപാടുകൾ വഴി 5,50,000 രൂപ പ്രതികൾ കൈക്കലാക്കി. തട്ടിപ്പിനിരയായതിനെത്തുടർന്നുണ്ടായ കടുത്ത മാനസിക ആഘാതവും വിഷാദവും കാരണമാണ് പരാതി നൽകാൻ വൈകിയതെന്ന് വീട്ടമ്മയുടെ പരാതിയിൽ പറയുന്നു.
ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







