വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു; ഒരോവറിൽ ആറ് സിക്സറുകൾ നേടിയ ആദ്യ താരം

ബാർബഡോസ്: ക്രിക്കറ്റ് ലോകത്തിന് വെസ്റ്റിൻഡീസിന്റെ ഇതിഹാസ സംഭാവനയായ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) ഓർമയായി. വെള്ളിയാഴ്ച ബാർബഡോസിലെ സ്വന്തം വസതിയിലായിരുന്നു അന്ത്യം. മകനായ ഡാനിയേലാണ് ഗാരി സോബേഴ്സിന്റെ മരണ വിവരം പുറത്തുവിട്ടത്. 90–ാം പിറന്നാൾ ആഘോഷിക്കാൻ പത്തു ദിവസം ബാക്കി നിൽക്കെയാണ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ വിയോഗം. 18–ാം വയസ്സിൽ ജമൈക്കയിലെ സബീന പാർക്കിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം. ഇടംകൈയ്യൻ ബാറ്റിംഗിലൂടെ ബൗളർമാരുടെ പേടിസ്വപ്നമായിരുന്ന സോബേഴ്‌സ്, ബൗളിംഗിലും അസാധാരണ പ്രതിഭയായിരുന്നു. ഒരേസമയം ഫാസ്റ്റ് മീഡിയം ബോളിംഗും ഓർത്തഡോക്സ് സ്പിന്നും റിസ്റ്റ് സ്പിന്നും ഒരുപോലെ വഴങ്ങിയിരുന്ന അദ്ദേഹം ഫീൽഡിംഗിലും അസാധ്യ മികവ് പുലർത്തിയിരുന്നു. 1954 മുതൽ 1974 വരെയുള്ള കാലയളവിൽ വെസ്റ്റ് ഇൻഡീസിനായി 93 ടെസ്റ്റുകളിലാണ് ബാർബഡോസിൽ ജനിച്ച സോബേഴ്‌സ് പാഡ് കെട്ടിയത്.
അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ 8,000 ത്തിലധികം റൺസും 235 വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ആകെ 28,000 ത്തിലധികം റൺസും 1043 വിക്കറ്റുകളുമെന്ന അവിശ്വസനീയമായ റെക്കോർഡും അദ്ദേഹത്തിനുണ്ട്. ബാറ്റിങ്ങിന് ആക്രമണ സ്വഭാവം നൽകിയ അദ്ദേഹം ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ ഒരോവറിൽ ആറ് സിക്സറുകൾ നേടിയ ആദ്യ ബാറ്ററാണ്. 1968ൽ സ്വാൻസിയയിൽ നോട്ടിംഗ്ഹാംഷെയറിനു വേണ്ടി ഗ്ലാമോർഗനെതിരെയായിരുന്നു ഈ നേട്ടം. 1975ലാണ് സർ പദവി ലഭിച്ചത്. മക്കൾ: മാത്യു, ഡാനിയൽ, ജെനീവ്. പ്രുഡൻസ് കിർബിയുമായി വിവാഹമോചനം നടത്തിയ സോബേഴ്സിന് പിന്നീട് ജാക്കി വൈറ്റ് പങ്കാളിയായി. വിയോഗത്തിൽ ബി.സി.സി.ഐ അനുശോചിച്ചു.
2024ലെ വെസ്റ്റിൻഡീസ് പര്യടനത്തിനിടെ രോഹിത് ശർമ, വിരാട് കോഹ്‌ലി, മറ്റ് ഇന്ത്യൻ താരങ്ങൾ എന്നിവരുമായി സോബേഴ്സ് സംസാരിക്കുന്ന ഒരു വിഡിയോയും ബി.സി.സി.ഐ പങ്കുവെച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page