14 വ്യാജ സ്വർണവളകൾ പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടി; പ്രതി അറസ്റ്റിൽ

പയ്യന്നൂർ: വ്യാജ സ്വര്‍ണം പണയം വച്ച് പണം തട്ടിയെടുക്കുന്ന റാക്കറ്റിലെ പ്രധാനി പഴയങ്ങാടിയില്‍ അറസ്റ്റിൽ . ഗ്രാമീണ്‍ ബാങ്ക് മാട്ടൂല്‍ ശാഖയില്‍ വ്യാജ സ്വര്‍ണ വളകള്‍ പണയംവെച്ച് 12.68 ലക്ഷം രൂപ തട്ടിയെടുത്ത പഴയങ്ങാടി, മടക്കരയിലെ കപ്പുരയില്‍ വീട്ടില്‍ ജാഫര്‍ സ്വാദിഖിനെ (43) യാണ് പഴയങ്ങാടി പൊലീസ് ഇൻസ്പെക്ടർ എം. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ എസ്.ഐ.കെ. ഷുഹൈബ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ഇയാളുടെ വീട്ടില്‍ വെച്ചാണ് പിടികൂടിയത്.
കഴിഞ്ഞ മാര്‍ച്ച് 23നും മെയ് 16നും ഇടയിലുള്ള നാല് ദിവസങ്ങളില്‍ നാല് തവണയായി 16 വ്യാജ സ്വര്‍ണ വളകള്‍ ബാങ്കില്‍ പണയം വച്ചാണ് പണം തട്ടിയെടുത്തത്. ആകെ 131.4 ഗ്രാം സ്വര്‍ണം എന്ന നിലയിലാണ് സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ പണയം വച്ച് ബാങ്കിനെ കബളിപ്പിച്ചത്. ബാങ്ക് നടത്തിയ സാധാരണനിലയിലുള്ള പരിശോധനയില്‍ രണ്ട് വളകള്‍ വ്യാജ സ്വര്‍ണമാണെന്ന് കണ്ടെത്തി. അത് പണയംവെച്ചത് സ്വാദിഖായിരുന്നു. തുടര്‍ന്ന് ഇയാള്‍ പണയംവെച്ച 14 വളകളും പരിശോധിച്ചപ്പോഴാണ് എല്ലാം വ്യാജമാണെന്ന് തെളിഞ്ഞത്. സ്‌പെഷ്യല്‍ സ്‌ക്വാഡിനെ വച്ച് പുതിയ അപ്രൈസറെ കൊണ്ടുവന്നായിരുന്നു പരിശോധന നടത്തിയത്. തുടര്‍ന്ന് മാനേജര്‍ സിന്‍ഷ ബി. നമ്പ്യാര്‍ നല്‍കിയ പരാതിയില്‍ പഴയങ്ങാടി പൊലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണ്.
ഇയാള്‍ നേരത്തെ പഴയങ്ങാടി കേരള ബാങ്കിലും സമാനമായ തട്ടിപ്പ് നടത്തിയിരുന്നു. എന്നാല്‍ ഇയാള്‍ വ്യാജ സ്വര്‍ണത്തിനൊപ്പം മറ്റൊരു സ്വത്തും പണയംവെച്ചിരുന്നു. സ്വര്‍ണം വ്യാജമാണെന്ന് തെളിഞ്ഞതോടെ സ്വത്തില്‍ നിന്ന് പണം ഈടാക്കി പ്രശ്‌നം പരിഹരിച്ചതിനാല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല.
എ.എസ്.ഐമാരായ ആരംഭന്‍ ഷൈജു, എം.പി പ്രസേനന്‍, സീനിയര്‍ സി.പി.ഒ: കെ. ലീന എന്നിവരും സ്വാദിഖിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page