കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; കായംകുളം ഡിപ്പോയിലെ ഡ്രൈവറെ ഓടിച്ചിട്ട് പിടിച്ചു!

ആലപ്പുഴ: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ സഹയാത്രികന്റെ ലൈംഗികാതിക്രമം. സംഭവത്തില്‍ കെഎസ്ആര്‍ടിസി കായംകുളം ഡിപ്പോയിലെ താല്‍ക്കാലിക ഡ്രൈവറായ ഹരിപ്പാട് സ്വദേശി രഞ്ജന്‍ (53) പൊലീസിന്റെ പിടിയിലായി. ശനിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തു നിന്ന് ഗുരുവായൂരിലേക്ക് പുറപ്പെട്ട സൂപ്പര്‍ ഫാസ്റ്റ് ബസിലാണ് ലൈംഗികാതിക്രമം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ഇയാള്‍ സ്പര്‍ശിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. ഭയന്നുണര്‍ന്ന യുവതി ബഹളം വെച്ചതോടെയാണ് മറ്റ് യാത്രക്കാരും ബസ് ജീവനക്കാരും വിവരമറിയുന്നത്. ഇതോടെ കുടുങ്ങുമെന്നുറപ്പായ പ്രതി ബസ് നിര്‍ത്തിയ ഉടന്‍ ചാടിയിറങ്ങി ഓടാന്‍ ശ്രമിച്ചു. എന്നാല്‍ യാത്രക്കാരും നാട്ടുകാരും വിടാതെ പിന്തുടര്‍ന്ന് ഇയാളെ വളഞ്ഞുപിടികൂടുകയായിരുന്നു. വിവരത്തെ തുടര്‍ന്ന് എത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ ലൈംഗിക അതിക്രമം തടയല്‍ ഉള്‍പ്പെടെയുള്ള കടുത്ത ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് അറസ്റ്റുചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page