കോഴിക്കോട്: യുവതികളടക്കം പ്രതിദിനം 200ല്‍പ്പരം പേര്‍ എത്തുന്ന ജിംനേഷ്യത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 250 ഗ്രാം എം ഡി എം എയും 40 ഗ്രാം കഞ്ചാവുമായി മൂന്നു പേര്‍ അറസ്റ്റില്‍. കോഴിക്കോട്, ബേപ്പൂര്‍, മൂന്നാര്‍ വളപ്പില്‍ ജംഷീര്‍, മതിലകത്ത് ഇജാസ് , ഫറോക്ക്, ചുങ്കത്ത് താമസക്കാരനായ ബേപ്പൂരിലെ അര്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് (ശനി) രാവിലെ കോഴിക്കോട്, പയ്യാനക്കല്‍, കപ്പക്കല്‍ റോഡിലുള്ള ‘ബാക്ക് ടു ഫിറ്റ്’എന്ന ജിംനേഷ്യത്തില്‍ ഡാൻസാഫ് സംഘവും പന്നിയങ്കര പൊലീസും നടത്തിയ റെയ്ഡിലാണ് മയക്കുമരുന്നു വിറ്റു കിട്ടിയ പണവുമായി മൂന്നുപേരും പൊലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നിരീക്ഷണത്തിനു ഒടുവിലാണ് സംഘം പിടിയിലായത്. മയക്കുമരുന്നു വിറ്റു കിട്ടിയ പണം വെള്ളത്തില്‍ മുക്കി സംഘം രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ സാഹസികമായാണ് പൊലീസ് കീഴടക്കിയത്.








