പ്രണയാഭ്യർത്ഥന നിരസിച്ചു; പട്ടാപ്പകൽ ആളുകൾ നോക്കിനിൽക്കെ ബസ് സ്റ്റാൻഡിൽ വച്ച് 21 കാരിയെ യുവാവ് കുത്തി കൊലപ്പെടുത്തി

മംഗളൂരു: പ്രണയാഭ്യർത്ഥന നിരസിച്ച 21 കാരിയെ യുവാവ് കുത്തി കൊലപ്പെടുത്തി. വ്യാഴാഴ്ച വൈകിട്ട് കർണാടക ബണ്ട് വാൾ കെഎസ്ആർടിസി ബസ്റ്റാൻഡിൽ വച്ചായിരുന്നു കൊലപാതകം. കല്ലഡ്കയിലെ ഒരു സ്വകാര്യ നഴ്‌സിംഗ് ഹോമിൽ ജോലി ചെയ്തിരുന്ന കാക്യപദവിനടുത്തുള്ള കൊടങ്കെയിൽ താമസിക്കുന്ന ബാലപ്പ ഗൗഡയുടെ മകൾ ലാവണ്യ (21) ആണ് കൊല്ലപ്പെട്ടത്. പ്രതി ചേതൻ (22) അക്രമത്തിനുശേഷം ഓടി രക്ഷപ്പെട്ടു. യുവതിയുടെ അടുത്ത ബന്ധുവാണ് യുവാവ്.
വീട്ടിലേക്ക് പോകുവാനായി ബസ് സ്റ്റാൻഡിൽ എത്തിയതായിരുന്നു ലാവണ്യ. യുവതിയെ കാണുവാനായി യുവാവും ബസ് സ്റ്റാൻഡിൽ എത്തിയിരുന്നു. ബസ്സിൽ കയറിയിരുന്ന ലാവണ്യയെ പിന്തുടർന്നെത്തിയ യുവാവ് ശല്യം ചെയ്തു. ഭയന്ന യുവതി ബസ്സിൽ നിന്ന് ഇറങ്ങിയപ്പോൾ പിന്നാലെ എത്തിയ ചേതൻ കയ്യിൽ കരുതിവെച്ച കത്തികൊണ്ട് യുവതിയെ പലതവണ കുത്തി. ആളുകൾ നോക്കി നിൽക്കേയായിരുന്നു അക്രമം. ആളുകൾ തടിച്ചുകൂടിയപ്പോൾ ചേതൻ സ്ഥലത്ത് നിന്ന് ഓടി പോവുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുവതിയെ ആക്രമിക്കുന്ന ദൃശ്യം ഒരു യാത്രക്കാരൻ മൊബൈലിൽ ചിത്രീകരിച്ചിരുന്നു. ഈ വീഡിയോ പ്രചരിച്ചതോടെ പൊലീസും സ്ഥലത്തെത്തി.
ബണ്ട്വാൾ സബ് ഡിവിഷനിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ടൗൺ പോലീസ് ഇൻസ്പെക്ടറും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ദക്ഷിണ കന്നഡ പൊലീസ് സൂപ്രണ്ട് അരുൺ കെ യും കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഒളിവിൽ പോയ പ്രതിയെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായി പ്രത്യേക പോലീസ് സംഘങ്ങൾ രൂപീകരിച്ചു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page