മംഗ്‌ളൂരു: പ്രണയാഭ്യര്‍ത്ഥന നിരസിച്ച വിരോധത്തില്‍ യുവതിയെ പട്ടാപ്പകല്‍ ബസ് സ്റ്റാന്റ് പരിസരത്ത് കുത്തിക്കൊന്ന ശേഷം രക്ഷപ്പെട്ട യുവാവ് അറസ്റ്റില്‍. ബെല്‍ത്തങ്ങാടി, ഒടിലനാല്‍ സ്വദേശിയായ ചേതനെ (22)യാണ് ബണ്ട്വാള്‍ പൊലീസ് വാമഞ്ചൂര്‍, പച്ച നാടി എന്ന സ്ഥലത്ത് വച്ച് അറസ്റ്റു ചെയ്തത്. വിഷം കഴിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ചേതനെ പൊലീസ് കാവലില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കല്ലടുക്കയിലെ സ്വകാര്യ നഴ്‌സിംഗ് ഹോമിലെ ജീവനക്കാരിയായ ബണ്ട്വാള്‍ ഉളിഗ്രാമിലെ ലാവണ്യ (21)യാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.
ഇന്നലെ (വ്യാഴം) വൈകുന്നേരം ബണ്ട്വാള്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലാണ് കൊലപാതകം നടന്നത്. ബസില്‍ കയറിയ ലാവണ്യയെ പിന്തുടര്‍ന്ന് ചേതന്‍ ബസില്‍ കയറുകയും സമീപത്ത് ഇരിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പരിഭ്രാന്തിയിലായ ലാവണ്യ ബസില്‍ നിന്നിറങ്ങിയപ്പോള്‍ പിറകെയെത്തിയ പ്രതി ബാഗിലൊളിപ്പിച്ചു വച്ചിരുന്ന കത്തികൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. കത്തി ഉപേക്ഷിച്ചാണ് പ്രതി സ്ഥലത്ത് നിന്നു രക്ഷപ്പെട്ടത്. ദക്ഷിണ കന്നഡ എസ്പിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സ്‌പെഷ്യല്‍ ടീം ആണ് പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടിയത്.








