തിരുവനന്തപുരം: ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം കാലവര്‍ഷം ശക്തമാകുന്നു. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. റഡാര്‍ ചിത്ര പ്രകാരം കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടത്തരം, ശക്തമായ മഴയ്ക്കും മണിക്കൂറില്‍ അന്‍പത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍, വടക്കന്‍ ഒഡീഷ -പശ്ചിമ ബംഗാള്‍ തീരങ്ങള്‍ക്ക് മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യൂന മര്‍ദ്ദം ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറി.
ഇതിനാലാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. ജൂലൈ 20 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.








