ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ട്രെയിന്‍ സര്‍വീസിന് തുടക്കമായി. ഇതോടെ ജര്‍മനി, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും ഹൈഡ്രജന്‍ ട്രെയിന്‍ സാങ്കേതികവിദ്യയിലേക്ക് കടന്നിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാനയിലെ ജിന്ദ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ഹൈഡ്രജന്‍ ട്രെയിന്‍ എന്ന രാജ്യത്തിന്റെ സ്വപ്നം സാക്ഷാത്കരിച്ചു എന്ന് എക്‌സില്‍ കുറിച്ച പ്രധാനമന്ത്രി ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കുകയും ചെയ്തു. നമോ ഗ്രീന്‍ റെയില്‍ എന്ന് പേരിട്ടിരിക്കുന്ന ട്രെയിന്‍ പൂര്‍ണമായും ഇന്ത്യന്‍ നിര്‍മ്മിതമാണ്. ഹരിയാനയിലെ ജിന്ദ് സ്റ്റേഷനില്‍ നിന്ന് ആരംഭിക്കുന്ന പാസഞ്ചര്‍ ട്രെയിന്‍ സോണിപത് വരെ 89 കിലോമീറ്റര്‍ ദൂരമാണ് സര്‍വ്വീസ് നടത്തുക.
ഡീസലിനും പരമ്പരാഗത ഇന്ധനങ്ങള്‍ക്കും പകരം ഹൈഡ്രജന്‍ ഉപയോഗിച്ചാണ് ട്രെയിന്‍ പ്രവര്‍ത്തിക്കുന്നത്. ഹൈഡ്രജനും ഓക്‌സിജനും തമ്മിലുള്ള രാസപ്രവര്‍ത്തനത്തിലൂടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ട്രെയിന്‍ ഓടുമ്പോള്‍ നീരാവി മാത്രമാണ് പുറത്തു വരിക എന്നതിനാല്‍ കാര്‍ബണ്‍ മലിനീകരണം ഗണ്യമായി കുറയ്ക്കാന്‍ കഴിയും. സര്‍വ്വീസ് ആരംഭിച്ചതോടെ ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ ബ്രോഡ്‌ഗേജ് ഹൈഡ്രജന്‍ ട്രെയിന്‍ എന്ന റെക്കോര്‍ഡും നമോ ഗ്രീന്‍ റെയിലിന് സ്വന്തമായി.
10 കോച്ചുകളുള്ള ഈ ഹൈഡ്രജന്‍ ട്രെയിനില്‍ രണ്ട് പവര്‍ കാറുകളും എട്ട് യാത്രാ കോച്ചുകളുമുണ്ട്. ഓരോ പവര്‍ കാറിലും ഉയര്‍ന്ന ശേഷിയുള്ള ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഏകദേശം 2600 യാത്രക്കാരെ വഹിക്കാന്‍ കഴിയുന്ന രീതിയിലാണ് ട്രെയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഹൈഡ്രജന്‍ ചോര്‍ച്ച, അമിതമായ ചൂട്, തീപിടുത്ത സാധ്യത എന്നിവ കണ്ടെത്താന്‍ ആധുനിക സുരക്ഷാ സംവിധാനങ്ങളും ട്രെയിനില്‍ സജ്ജീകരിച്ചിട്ടുണ്ട്.








