കാസര്‍കോട്: ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി മഞ്ചേശ്വരം പൊലീസ് ഉപ്പളയില്‍ നടത്തിയ പരിശോധനയില്‍ 10.200 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ഉപ്പള, ഹീറോകോംപ്ലക്‌സിലെ തങ്ങള്‍ ഹൗസില്‍ ജുനൈദ് എന്ന സയ്യിദ് ജവഹര്‍ (29) ആണ് അറസ്റ്റിലായത്. ഇന്നലെ (വ്യാഴം) വൈകുന്നേരം അഞ്ചേ മുക്കാല്‍ മണിയോടെ ഉപ്പള റെയില്‍വെ സ്റ്റേഷന്റെ കിഴക്കുഭാഗത്തെ കവാടത്തിനു സമീപത്തെ റോഡിൽ വച്ചാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്.
എസ്‌ഐ വിഷ്ണു എസ് നായരുടെ നേതൃത്വത്തില്‍ പട്രോളിംഗ് നടത്തുകയായിരുന്നു പൊലീസ് സംഘം . പൊലീസിനെ കണ്ടതോടെ പരിഭ്രമിക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തില്‍ പ്രൊബേഷന്‍ എസ്‌ഐ അര്‍ജ്ജുന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജീഷ്, സനീഷ് എന്നിവരും ഉണ്ടായിരുന്നു.







