കൊല്ലം: ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ വഞ്ചിക്കപ്പെട്ടതിന്റെ ഞെട്ടലിലാണ് കൊല്ലം വെള്ളിമണ്‍ സ്വദേശി മോഹനന്‍പിള്ള. യൂട്യൂബില്‍ കണ്ട പരസ്യം കണ്ട് ഓര്‍ഡര്‍ ചെയ്ത നിരീക്ഷണ ക്യാമറയ്ക്ക് പകരം അദ്ദേഹത്തിന് ലഭിച്ചത് മണ്ണ് നിറഞ്ഞ പാഴ്സല്‍. വര്‍ഷങ്ങളായി ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങാറുള്ള തനിക്ക് ഇതാദ്യമായാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായതെന്ന് മോഹന്‍ പിള്ള പറയുന്നു. തന്റെ ഹോട്ടലില്‍ ക്യാമറ സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ഈമാസം 11 ഓര്‍ഡര്‍ നല്‍കിയത്.
999 രൂപ മുടക്കി ഓര്‍ഡര്‍ ചെയ്ത സാധനം അഞ്ച് ദിവസത്തിന് ശേഷം വീട്ടിലെത്തി. തുറന്നു നോക്കിയപ്പോള്‍ ഒരു കവര്‍ നിറയെ മണ്ണാണ് ലഭിച്ചത്. അപ്പോഴാണ് താന്‍ വലിയൊരു ചതിയില്‍ അകപ്പെട്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ പാഴ്സല്‍ എത്തിച്ച ഡെലിവറി ബോയിയെ അദ്ദേഹം ബന്ധപ്പെട്ടെങ്കിലും, തനിക്ക് ഇതിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നായിരുന്നു മറുപടി. എങ്കിലും, എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അന്വേഷിക്കാന്‍ ആവശ്യമായ ‘ഫ്രം അഡ്രസ്സ്’ നല്‍കാന്‍ ഡെലിവറി ബോയ് തയ്യാറായിട്ടുണ്ട്. കമ്പനിക്ക് തിരിച്ച് അയക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ ഉപഭോക്തൃ കോടതിയിലും കുണ്ടറ പൊലീസിലും പരാതി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.








