കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ട്രെയിന്‍ സ്‌കൂള്‍ വാനിലിടിച്ച് വന്‍ അപകടം. 2 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 3 പേര്‍ മരിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. മുര്‍ഷിദാബാദിലാണ് ദാരുണമായ സംഭവം നടന്നിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 7 മണിയോടെ മുര്‍ഷിദാബാദിലെ ബഹരംപുര്‍ മേഖലയിലുള്ള കര്‍ണസുബര്‍ണ റെയില്‍വേ ക്രോസിങ്ങിലാണ് അപകടം സംഭവിച്ചത്. കുട്ടികളുമായി പോവുകയായിരുന്ന സ്‌കൂള്‍ വാനിലേക്ക് നിംതിത-കത്വ പാസഞ്ചര്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരെ ഉടന്‍ തന്നെ മുര്‍ഷിദാബാദ് മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അപകടസമയത്ത് റെയില്‍വേ ക്രോസിന്റെ ഗേറ്റ് തുറന്നു കിടക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഒരു ട്രെയിന്‍ കടന്നുപോയതിന് ശേഷം ഗേറ്റ് വീണ്ടും അടയ്ക്കാതിരുന്നതാണ് മറ്റൊരു ട്രെയിന്‍ വാനിലിടിക്കാന്‍ ഇടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ റെയില്‍വേ ഗേറ്റ്മാന്റെ വീഴ്ച സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. അപകടത്തെത്തുടര്‍ന്ന് വാന്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.
മുതിര്‍ന്ന പൊലീസ്, റെയില്‍വേ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ഔദ്യോഗികമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.








