ലൈസന്‍സ് അനുവദിക്കുന്നതിനു 15000 രൂപ കൈക്കൂലി വാങ്ങിയ മിനറല്‍ റവന്യു ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയില്‍;കൈക്കൂലി പണം സൂക്ഷിച്ചിരുന്നത് പ്രതിയുടെ ബാഗില്‍ ഒട്ടിച്ച നിലയില്‍ കാണപ്പെട്ട കവറില്‍, വീട്ടിലും റെയ്ഡ്

കണ്ണൂര്‍: സംസ്ഥാനത്തെ അഴിമതി മുക്തമാക്കാനുള്ള വിജിലന്‍സിന്റെ പ്രൊജക്ട് സീറോ പദ്ധതിയുടെ ഭാഗമായി നടത്തിയ നീക്കത്തില്‍ 15,000 രൂപ കൈക്കൂലി വാങ്ങിയ മിനറല്‍ റവന്യു ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി. കൈക്കൂലിയായി വാങ്ങിയ പണം ബാഗിനകത്ത് ഒട്ടിച്ച നിലയില്‍ കണ്ടെത്തിയ കവറിനകത്ത് നിന്നും കണ്ടെടുത്തു.
കണ്ണൂര്‍, ചെറുകുന്ന് സ്വദേശിയും ജില്ലാ മൈനിംഗ് ആന്റ് ജിയോളജി ഓഫീസിലെ മിനറല്‍ റവന്യു ഓഫീസറുമായ പിപി ശ്രീധര (49)നെയാണ് കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ കയ്യോടെ പിടികൂടിയത്. വിജിലന്‍സ് വടക്കന്‍ മേഖലാ എസ്പി . പി. ബാലകൃഷ്ണന്‍ നായരുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.
കണ്ണൂര്‍, ചെറുകുന്ന് സ്വദേശിയായ പരാതിക്കാരന്‍ പൂഴി മണ്ണ് ശേഖരിച്ച് വില്‍പ്പന നടത്തുന്നതിനുള്ള അനുമതിക്കായി 2025 ജൂണ്‍ മാസത്തില്‍ ജിയോളജി ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അനുമതി നല്‍കാന്‍ കാലതാമസം വരുത്തിയതോടെ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ജിയോളജി ഓഫീസില്‍ നിന്നു പരാതിക്കാരനെ ബന്ധപ്പെട്ട് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ഇതു പ്രകാരം രേഖകളെല്ലാം ഓഫീസില്‍ ഹാജരാക്കി. പരിശോധന നടത്താന്‍ എത്തിക്കോളാം എന്ന് മറുപടി നല്‍കി പരാതിക്കാരനെ മടക്കിയയച്ചു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും പരിശോധനക്ക് എത്താത്തതിനെ തുടര്‍ന്ന് പരാതിക്കാരന്‍ വീണ്ടും ജിയോളജി ഓഫീസിലെത്തി റവന്യു ഇന്‍സ്‌പെക്ടറായ ശ്രീധരനെ നേരില്‍ കണ്ടു. സൈറ്റ് ഇന്‍സ്‌പെക്ഷന്‍ നടത്തണമെങ്കില്‍ തന്നെ വേണ്ട രീതിയില്‍ കാണണമെന്നും ഇല്ലെങ്കില്‍ ഫയല്‍ അനങ്ങില്ലെന്നും പറഞ്ഞതായി പറയുന്നു. 30,000 രൂപയാണത്രെ ആവശ്യപ്പെട്ടത്. 15,000 രൂപ തരാമെന്ന് പരാതിക്കാരന്‍ സമ്മതിച്ചു. കൈക്കൂലി നല്‍കി കാര്യം സാധിക്കാന്‍ താല്‍പര്യം ഇല്ലാതിരുന്ന പരാതിക്കാരന്‍ വിവരം വിജിലന്‍സിനെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിജിലന്‍സ് കെണിയൊരുക്കിയത്. ഇന്നലെ (വ്യാഴം) വൈകുന്നേരം 4.30ന് ഇരിണാവ് ജംഗ്ഷനില്‍ വച്ച് പരാതിക്കാരനിൽ നിന്ന് കൈക്കൂലി വാങ്ങിക്കുന്നതിനിടയിൽ റവന്യു ഇന്‍സ്‌പെക്ടറെ കയ്യോടെ പിടികൂടുകയായിരുന്നു. വിജിലന്‍സ് സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ ബിനു മോഹന്‍, സുനില്‍ കുമാര്‍, എസ്‌ഐമാരായ നിജേഷ്, രാധാകൃഷ്ണന്‍, പ്രവീണ്‍ രാമകൃഷ്ണന്‍, എഎസ്‌ഐമാരായ രാജേഷ്, സജിത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുരേഷ്, ഹൈറേഷ്, അജേഷ്, സജിത്ത്, മുകേഷ്, സുരേഷ് കുമാര്‍, വിജിന്‍ എന്നിവരും ഉണ്ടായിരുന്നു.
കൈക്കൂലി പണം പിടികൂടിയതിനു പിന്നാലെ പ്രതിയുടെ തളിപ്പറമ്പ്,കുറ്റിയേരിയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിരവധി രേഖകള്‍ കണ്ടെടുത്തു. വൈകുന്നേരം തുടങ്ങിയ റെയ്ഡ് രാത്രി 10 മണി വരെ നീണ്ടു നിന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page