ക്ഷേത്രദര്‍ശനത്തിനായി വിളിച്ചുകൊണ്ടുപോയി ഭര്‍ത്താവിനെ കൊലപ്പെടുത്തി; യുവതിയും കാമുകനും കൂട്ടാളികളും അറസ്റ്റില്‍

ചിറ്റൂര്‍: ക്ഷേത്രദര്‍ശനത്തിനായി വിളിച്ചുകൊണ്ടുപോയി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയും കാമുകനും കൂട്ടാളികളും അറസ്റ്റിലായി. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ സൂളഗിരി സ്വദേശിയായ രമേഷ് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യ ശാന്തിപുരം ബോയനപ്പള്ളി സ്വദേശിനി 19 കാരിയായ ഹാസിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കാമുകന്‍ യുഗന്ധര്‍ എന്നയാളെയും മറ്റ് രണ്ടു സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പാണ് ഹൊസൂരിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ രമേശ്, ഹാസിനിയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് ഒരു വയസുള്ള മകളുണ്ട്. എന്നാല്‍ ബാല്യകാല സുഹൃത്തായ യുഗന്ധറുമായുള്ള അടുപ്പം വിവാഹശേഷവും ഹാസിനി തുടര്‍ന്നിരുന്നു. ഭര്‍ത്താവിനെ ഒഴിവാക്കി ഒരുമിച്ച് ജീവിക്കാന്‍ ഇരുവരും തീരുമാനിച്ചിരുന്നു. ഇതുപ്രകാരമാണ് ക്ഷേത്രദര്‍ശനവും കൊലപാതകവും ആസൂത്രണം ചെയ്തത്. മല്ലേശ്വരസ്വാമി ക്ഷേത്രം സന്ദര്‍ശിക്കാന്‍ എന്നുപറഞ്ഞാണ് ഹാസിനി രമേഷിനെ കൃത്യം നടന്ന സ്ഥലത്ത് എത്തിച്ചത്. ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഒഴിഞ്ഞ പ്രദേശമായതിനാലാണ് കൊലപാതകത്തിനായി ഈ പ്രദേശം തെരഞ്ഞെടുത്തത്. ഇവരുടെ ഒരു വയസുള്ള മകളുമായാണ് ക്ഷേത്രത്തിലേക്ക് പോയത്. ഹാസിനി ലൈവ് ലൊക്കേഷന്‍ യുഗന്ധറിന് അയച്ചു നല്‍കിയിരുന്നു. ഹില്‍ റോഡിലെ മൂന്നാമത്തെ ഹെയര്‍പിന്‍ വളവിന് സമീപമാണ് കൊലപാതകം നടന്നത്. അവിടെവെച്ച് ഹാസിനി മനഃപൂര്‍വ്വം ഹാന്‍ഡ്ബാഗ് റോഡിലേക്ക് എറിഞ്ഞു. അത് എടുക്കാന്‍ വേണ്ടി ബൈക്ക് നിര്‍ത്താന്‍ രമേശിനോട് ആവശ്യപ്പെട്ടു. ഈ സമയം പിന്നാലെയെത്തിയ യുഗന്ധറും സുഹൃത്തും ചേര്‍ന്ന് രമേശിനെ പിടിച്ചുവലിച്ച് വനത്തിനുള്ളിലേക്ക് കൊണ്ടുപോയി കൈയില്‍ കരുതിയിരുന്ന ആയുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം നടന്നതെന്നും പൊലീസ് പറയുന്നു.
സമയം ഏറെയായിട്ടും മകളും കുടുംബവും തിരികെ എത്താതായതോടെ ഹാസിനിയുടെ മാതാവ് പൊലീസിനെ സമീപിച്ചതോടെയാണ് കുറ്റകൃത്യം പുറത്തറിഞ്ഞത്. ക്ഷേത്രത്തിലേക്കുള്ള വഴിയിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. രമേശിനൊപ്പം ക്ഷേത്രത്തിലേക്ക് പോകുന്ന ഹാസിനിയുടെ ദൃശ്യം ലഭിച്ചു. എന്നാല്‍ ഏകദേശം രണ്ടു മണിക്കൂറിന് ശേഷം തിരികെ മറ്റൊരു പുരുഷനൊപ്പം വരുന്ന ഹാസിനിയുടെ ദൃശ്യവും ലഭിച്ചു. മൊബൈല്‍ ഫോണ്‍ രേഖകളും ലൊക്കേഷന്‍ വിവരങ്ങളും പരിശോധിച്ച പൊലീസ് രമേഷിന്റെ മൃതദേഹം കണ്ടെത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page