പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണ കാരണം തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ചത്; അനസ്തേഷ്യ നൽകിയതിൽ ഗുരുതര വീഴ്ചയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, അനസ്തേഷ്യ നൽകേണ്ടിയിരുന്നില്ലെന്ന് വിലയിരുത്തല്‍

കണ്ണൂർ: പയ്യന്നൂരിൽ ഒന്നര വയസ്സുകാരൻ ചികിത്സയ്ക്കിടെ മരണപ്പെട്ട സംഭവത്തിൽ ഡോക്ടർമാർക്കു ഗുരുതരമായ വീഴ്ച സംഭവിച്ചതായി വ്യക്തമാക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞിന്റെ തലച്ചോറിലേക്കുള്ള ഓക്സിജൻ പ്രവാഹം നിലച്ചതാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. കേസിൽ ചികിത്സാ പിഴവ് പറ്റിയിട്ടില്ലെന്ന ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്മെന്റിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞത്. അപകടകരമായ രീതിയിൽ അനസ്തേഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ പയ്യന്നൂർ പൊലീസ് ഇതിനോടകം കേസെടുത്തിട്ടുണ്ട്. ഡോക്ടർമാരുടെ ഭാഗത്തുനിന്നും ഉണ്ടായത് കുറ്റകരമായ അനാസ്ഥയാണെന്നും കുട്ടിക്ക് ജനറൽ അനസ്തേഷ്യ നൽകേണ്ടിയിരുന്നില്ലെന്നുമാണ് മെഡിക്കൽ ബോർഡ് വിലയിരുത്തുന്നത്. കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഇക്കാര്യങ്ങൾ വ്യക്തമാണ്. ഡോക്ടർമാർക്കെതിരെ അന്വേഷണം നടത്തി പൊലീസിന് നടപടി എടുക്കാമെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി. മെഡിക്കൽ ബോർഡിന്‍റെ റിപ്പോർട്ട്‌ മൂന്ന് ദിവസത്തിനകം പൊലീസിന് കൈമാറും. വിശദ റിപ്പോർട്ട് ആന്തരികാവയവങ്ങളുടെ പരിശോധന കഴിഞ്ഞാൽ മാത്രമേ ലഭിക്കുകയുള്ളൂ. സാമ്പിൾ കോഴിക്കോട്ടെ ലാബിലേക്ക് പരിശോധനക്കയച്ചിട്ടുണ്ട്. എരമം നടുവിലെകുനിയിലെ ടി. സൂരജിന്റെയും വിജിഷയുടെയും മകൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്. കളിക്കുന്നതിനിടെ വീണ് മുറിവേറ്റ കുട്ടിക്ക് സ്റ്റിച്ച് ഇടാൻ അനസ്തേഷ്യ നല്‍കിയതാണ് പ്രശ്നത്തിന് കാരണമായത്. അനസ്തേഷ്യ നല്‍കിയതോടെ കുട്ടി അബോധാവസ്ഥയിലായി. പിന്നീട് പയ്യന്നൂരില്‍നിന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അതീവഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായ ദേവാൻഷ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് മരിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page