കാസര്‍കോട്: അശ്രദ്ധയില്‍ ബൈക്കോടിച്ച് പോകുന്നത് ചോദ്യം ചെയ്ത വിരോധത്തില്‍ യുവാവിനെ അക്രമിക്കുകയും കാറിന്റെ ചില്ല് അടിച്ചു തകര്‍ത്തതായും പരാതി. സംഭവത്തില്‍ നരഹത്യാശ്രമത്തിനു കേസെടുത്ത ബേക്കല്‍ പൊലീസ് പ്രതിയായ മിന്നല്‍ ഹാരിസ് എന്നയാളെ കസ്റ്റഡിയിലെടുത്തു. മൗവ്വല്‍, ഷഹനാസ് ഹംസയുടെ മകന്‍ എംഎച്ച് അഹമ്മദ് നബീല്‍ (41) ആണ് അക്രമത്തിന് ഇരയായത്.
ഇന്നലെ (ബുധന്‍) വൈകുന്നേരം മൂന്നരമണിയോടെ പനയാല്‍, കുന്നൂച്ചിയിലാണ് കേസിനാസ്പദമായ സംഭവം. മിന്നല്‍ ഹാരിസ് എന്നയാൾ അശ്രദ്ധയില്‍ ബൈക്കോടിച്ച് പോകുന്നതിനെ ചോദ്യം ചെയ്ത സമയത്ത് പ്രകോപിതനായി പരാതിക്കാരന്റെ കാറിന്റെ മുന്‍വശത്തെ ചില്ല് അടിച്ചു തകര്‍ക്കുകയായിരുന്നുവെന്ന് ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. തുടര്‍ന്ന് പരാതിക്കാരനെ കാറിനു പുറത്തേക്ക് വലിച്ചിട്ട് ഇരുമ്പു വടി കൊണ്ട് തലക്കടിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ഒഴിഞ്ഞു മാറിയിരുന്നില്ലെങ്കില്‍ ജീവന്‍ വരെ നഷ്ടപ്പെടുമായിരുന്നുവെന്നുo കേസില്‍ കൂട്ടിച്ചേര്‍ത്തു.







