പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിനിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിൻ്റെ പേരിൽ യുവാവിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ആളുകൾക്കെതിരെ പൊലീസ് കേസെടുത്തു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നജ്മല്‍ കാവിള, ജെറിന്‍, ബിനില്‍ ബാബു, അബിന്‍ ശിവദാസ് എന്നിവര്‍ക്കെതിരെയാണ് പത്തനംതിട്ട പൊലീസ് കേസെടുത്തത്.
മാവേലിക്കര അറുനൂറ്റിമംഗലം സ്വദേശിയായ അരുണ്‍ ശിവന്‍കുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട സൈബര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്തുവെച്ചായിരുന്നു സംഭവം നടന്നത്. രാഹുല്‍ മാങ്കുട്ടത്തിലിനെതിരെ ഇനി ഫേസ്ബുക്കില്‍ പോസ്റ്റിട്ടാല്‍ കൊല്ലും എന്നായിരുന്നു സംഘത്തിന്റെ ഭീഷണി. പരാതി നല്‍കി ദിവസങ്ങളായിട്ടും നടപടിയില്ലെന്ന് ആരോപിച്ച് അരുണ്‍ ശിവന്‍കുട്ടി പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധവുമായി എത്തിയിരുന്നു. ഇതേ തുടർന്ന് ഇയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു പൊലീസ് കേസെടുത്തത്. ലൈംഗികാതിക്രമക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലായിരുന്ന സമയത്ത് രാഹുലിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട് ശിവൻകുട്ടിക്കെതിരെ സൈബര്‍ പൊലീസ് കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പത്തനംതിട്ട സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ എത്തിയപ്പോഴാണ് രാഹുലിന്റെ അനുയായികള്‍ ഭീഷണിപ്പെടുത്തിയതെന്ന് യുവാവ് പറയുന്നു. ഭീഷണിപ്പെടുത്തുന്ന സമയത്ത് അക്രമികളിലൊരാള്‍ രാഹുലിനെ വീഡിയോ കോള്‍ ചെയ്ത് ദൃശ്യങ്ങള്‍ ലൈവായി കാണിച്ചുകൊടുത്തിരുന്നുവെന്നും യുവാവിന്റെ പരാതിയില്‍ പറയുന്നു.








