കണ്ണൂര്‍: റോഡ് പണിക്ക് ഉപയോഗിക്കുന്ന ടാറിന്റെ കൃത്രിമ ബില്ല് ഉണ്ടാക്കി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. കാസര്‍കോട്, ചെങ്കള കൊവ്വല്‍പള്ളത്തെ മുഹമ്മദ് മുസ്തഫയെ (42)ആണ് കണ്ണൂര്‍-കാസര്‍കോട് റെയ്ഞ്ച് ക്രൈംബ്രാഞ്ച് എസ്.പി: കെ.വി വേണുഗോപാലിന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തില്‍ ഇൻസ്പെക്ടർ പി.സി സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്തത്. ചട്ടഞ്ചാല്‍-ബിട്ടിക്കല്‍ റോഡ് പണിയുടെ കരാറുകാരനായിരുന്നു.ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ വ്യാജ ബില്ല് ഉണ്ടാക്കി ടാറിന്റെ വില കൂട്ടിക്കാണിച്ച് പണം തട്ടിയെടുത്തതുള്‍പ്പെടെ നിരവധി കേസില്‍ പ്രതിയാണ് ഇയാളെന്ന് ക്രൈംബ്രാഞ്ച് അധികൃതർ പറഞ്ഞു. സമാനമായ 13ഓളം കേസുകള്‍ മുഹമ്മദ് മുസ്തഫക്കെതിരെയുണ്ട്. 2011ല്‍ ഇയാളെ പിടികൂടിയിരുന്നു. കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങുകയായിരുന്നു. ഇയാളെ കണ്ടെത്താന്‍ പലയിടത്തും അന്വേഷണം നടത്തിയെങ്കിലും വിജയിച്ചില്ല. ഇന്നലെ (ബുധൻ) ഇയാള്‍ കണ്ണൂര്‍ സിറ്റിയില്‍ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘം പിടികൂടുകയായിരുന്നു.








