ഡോക്ടർ ഫ്ലാറ്റിൽ കുത്തേറ്റ് മരിച്ച നിലയിൽ, മകൻ കുത്തേറ്റ് മറ്റൊരു മുറിയിൽ; ഡോക്ടറായ യുവതി കസ്റ്റഡിയിൽ

ബംഗളൂരു: ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കർണാടകിലെ ചിരായു ആശുപത്രിയിലെ അനസ്തേഷ്യോളജിസ്റ്റായ ഡോ. കിരൺ ഹൊനണ്ണവർ (45) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ എട്ടു വയസ്സുകാരനായ മകനെ കുത്തേറ്റ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. . സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടറുടെ ഭാര്യയും ഒഫ്താൽമോളജിസ്റ്റുമായ ഡോ. പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ധാർവാഡിലെ ഫ്ലാറ്റ് സമുച്ചയത്തിലാണ് കൊലപാതകം നടന്നത്. സംഭവ സമയത്ത് ഡോ. പ്രിയങ്ക, മകൻ എന്നിവർ മാത്രമാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. ഡോ. കിരണിനെ ബന്ധുക്കൾ ഫോണിൽ വിളിച്ചപ്പോൾ ഭാര്യയാണ് അറ്റൻഡ് ചെയ്തത്. ഭർത്താവ് തിരക്കിലാണെന്നാണ് അവർ ബന്ധുക്കളോട് പറഞ്ഞത്.
വൈകീട്ടും ഫോണിൽ വിളിച്ചു കിട്ടാത്തതിനെ തുടർന്ന് സംശയം തോന്നിയ ബന്ധുക്കൾ ഫ്ലാറ്റിലെത്തി പരിശോധിച്ചപ്പോഴാണ് ചോരയിൽ കുളിച്ചുകിടക്കുന്ന കിരണിന്റെ മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത മുറിയിൽ ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായ കുട്ടിയെയും കണ്ടെത്തുകയായിരുന്നു. ബന്ധുക്കൾ ഉടൻ പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ കസ്റ്റഡിയിലുള്ള ഡോ. പ്രിയങ്ക പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകുന്നതെന്ന് പൊലീസ് കമ്മീഷണർ വ്യക്തമാക്കി. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൊലപാതകത്തിന്റെ യഥാർത്ഥ കാരണവും എപ്പോഴാണ് സംഭവമെന്നും വ്യക്തമാകൂ എന്ന് സബർബൻ പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page