കണ്ണൂര്‍: സ്റ്റാന്റില്‍ നിര്‍ത്തിയിടുന്ന ഓട്ടോകളില്‍ കവര്‍ച്ചാ പരമ്പര നടത്തിയ മോഷ്ടാവിനെ ഒടുവില്‍ പൊലീസ് കയ്യോടെ പൊക്കി. കാസര്‍കോട്, ചിറ്റാരിക്കാല്‍ സ്വദേശിയായ ഷൈജു ജോസഫി (34)നെയാണ് തലശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്.
ഡ്രൈവര്‍മാര്‍ ചായ കുടിക്കാനോ , പ്രാഥമിക ആവശ്യത്തിനു പോകുന്ന സമയം നോക്കി ഓട്ടോകളുടെ ഡാഷ് ബോക്‌സ് കുത്തിത്തുറന്നാണ് ഇയാള്‍ മോഷണം പതിവാക്കിയത്. പണം നഷ്ടപ്പെട്ട പലരും പരാതിയുമായി എത്തിയതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഇതിനിടയില്‍ ജൂലായ് എട്ടിന് പഴയ ബസ്റ്റാന്റിനു സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ നിന്നു 8000 രൂപ മോഷണം പോയി. ഇതേ തുടർന്ന്
പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു മോഷ്ടാവിനെ കുറിച്ചുള്ള ചിത്രം തയ്യാറാക്കി. തലശ്ശേരി പൊലീസ് സ്റ്റേഷനിലെ സി പി ഒ ഷിജിന്‍ കാരായി നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം വീണ്ടും മോഷണത്തിനു എത്തിയ ഷൈജു ജോസഫിനെ കയ്യോടെ പിടികൂടിയത്. കാക്കി ഷര്‍ട്ട് ധരിച്ച് ഓട്ടോ ഡ്രൈവര്‍ എന്ന ഭാവേനയാണ് മോഷ്ടാവ് സ്റ്റാന്റിൽ എത്തിയിരുന്നത്.
ഷൈജു ജോസഫിനെതിരെ കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലായി 17ല്‍പരം കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. മോഷ്ടിക്കുന്ന പണം ഉപയോഗിച്ച് കാമുകിക്കൊപ്പം ഉല്ലസിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.








