കോട്ടയം: പത്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കല്‍ പങ്കജാക്ഷി (91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോട്ടയം മോനിപ്പള്ളിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. പരമ്പരാഗത കലാരൂപമായ നോക്കുവിദ്യാ പാവകളിയെ ലോകശ്രദ്ധയിലേക്ക് നയിച്ച കലാകാരിയായിരുന്നു. പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണിയായിരുന്നു അവര്‍. ഇവരുടെ അതുല്യമായ സംഭാവനകള്‍ പരിഗണിച്ച് 2020 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. ശാരീരിക പ്രയാസം കാരണം ഡല്‍ഹിയിലെത്തി പുരസ്‌കാരം സ്വീകരിക്കാനായില്ല. തുടര്‍ന്ന് കളക്ടര്‍ വീട്ടിലെത്തി സമ്മാനിക്കുകയായിരുന്നു. ഫോക്ലോര്‍ പുരസ്‌കാരമുള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങളും പത്മശ്രീക്ക് മുന്‍പ് പങ്കജാക്ഷിയെ തേടിയെത്തിയിട്ടുണ്ട്. എട്ടാം വയസില്‍ മാതാപിതാക്കളില്‍ നിന്നാണ് നോക്കുവിദ്യയുടെ ആദ്യപാഠങ്ങള്‍ പങ്കജാക്ഷി പഠിച്ചത്.
പണ്ട് കാലത്ത് ഓണനാളുകളില്‍ തറവാടുകളുടെ മുറ്റത്ത് അരങ്ങേറിയിരുന്ന കലാരൂപമാണിത്. പാട്ടിനൊപ്പം മേല്‍ചുണ്ടില്‍ ഉറപ്പിച്ച കോലിന് മുകളില്‍ പാവകളെ ഉറപ്പിച്ച് ചരട് വലിച്ച് കഥാമുഹൂര്‍ത്തങ്ങള്‍ക്ക് ചേരും വിധം ചലിപ്പിച്ചാണ് ഇത് അവതരിപ്പിക്കുന്നത്. പങ്കജാക്ഷിയുടെ ഭര്‍ത്താവ് പരേതനായ ശിവരാമ പണിക്കറായിരുന്നു കലാരൂപത്തിന് ആവശ്യമായ പാട്ടുകള്‍ രചിച്ചിത്. തന്റെ കാലശേഷം ഈ കല ഇല്ലാതായിപ്പോകരുത് എന്ന നിര്‍ബന്ധത്താല്‍ കൊച്ചുമകളായ കെ എസ് രഞ്ജിനിയെ പഠിപ്പിച്ചു.








