പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാത കേസ് പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷാവിധി നാളെ പ്രസ്താവിക്കും. ശിക്ഷാ വിധിയില്‍ വാദം പൂര്‍ത്തിയായി. നെന്മാറ പോത്തുണ്ടിയില്‍ അയല്‍വാസിയായ സുധാകരനെയും മാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. ചെന്താമര സ്ഥിരം കുറ്റവാളിയെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പരമാവധി വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രതിയെ വ്യാഴാഴ്ച ഓണ്‍ലൈന്‍ വഴി കോടതിയില്‍ ഹാജരാക്കും.
2025 ജനുവരി 27നായിരുന്നു നെന്മാറ ഇരട്ടക്കൊലപാതകം നടന്നത്. സജിത കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ ചെന്താമര സുധാകരനെയും മാതാവ് ലക്ഷ്മിയെയും വീടിന് മുന്നില്‍വെച്ച് ചെന്താമര വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയും മകളും പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസിയായ സജിതയും കുടുംബവുമാണെന്ന സംശയമാണ് മൂന്നു കൊലപാതകത്തിലേക്ക് നയിച്ചത്. സജിതയെ കൊലപ്പെടുത്തിയ കേസില്‍ ചെന്താമരയ്ക്ക് കോടതി ഇരട്ട ജീവപര്യന്തം വിധിച്ചിരുന്നു.








