തൃശൂര്‍: സ്‌കൂളില്‍ വന്‍ കവര്‍ച്ച. ഉച്ചക്കഞ്ഞിക്കായുള്ള അരിയും മസാലകളും പാത്രങ്ങളും അടക്കം സാധനങ്ങള്‍ കള്ളന്‍ കൊണ്ടുപോയി. ഇതോടെ 180 ഓളം കുട്ടികളുടെ ഉച്ചക്കഞ്ഞി ഇന്ന് മുടങ്ങി. കൊടുങ്ങല്ലൂര്‍ കോതപറമ്പ് വാസുദേവ വിലാസം എല്‍പി സ്‌കൂളിലാണ് മോഷണം നടന്നത്. ബുധനാഴ്ച രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വാതില്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. സ്‌കൂളിനോട് ചേര്‍ന്നുള്ള പാചകപ്പുരയും സ്റ്റോര്‍ റൂമും കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. അഞ്ചുകിലോ അരി, കറികള്‍ക്കുള്ള മസാലകള്‍, പാത്രങ്ങള്‍, മിക്‌സി എന്നിവരും മോഷണം പോയിട്ടുണ്ട്. ഇതോടെ കുട്ടികളുടെ ഇന്നത്തെ ഭക്ഷണം മുടങ്ങി. പകരം ബ്രഡ് എത്തിച്ച് കുട്ടികള്‍ക്ക് നല്‍കി. സ്‌കൂള്‍ അധികൃതരുടെ പരാതിയെ തുടര്‍ന്ന് മതിലകം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.








