കണ്ണൂർ: കാസര്‍കോട് സ്വദേശിയെ അന്വേഷിച്ചെത്തിയ ആള്‍ സി പി എം നേതാവിന്റെ സഹോദരിയുടെ കഴുത്തില്‍ നിന്നു സ്വര്‍ണ്ണമാല പൊട്ടിച്ചോടി. ഇന്നലെ (ചൊവ്വ) രാത്രി തളിപ്പറമ്പ്, പൂമംഗലത്താണ് സംഭവം. സി പി എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി അംഗം കെ നാരായണന്റെ മൂത്ത സഹോദരി പാവളത്തെ കോളിയന്‍ കല്യാണി (80)യാണ് അക്രമത്തിനു ഇരയായത്. 27 വര്‍ഷമായി ഇവര്‍ തനിച്ചാണ് താമസിക്കുന്നത്. ഇവരുടെ വീടിനു സമീപത്ത് കാസര്‍കോട് സ്വദേശികളായ ദമ്പതികള്‍ താമസിക്കുന്നുണ്ട്. ഭര്‍ത്താവിനു സിനിമാ തീയേറ്ററിലാണ് ജോലി. ഇയാളെ അന്വേഷിച്ചെത്തിയതെന്നാണ് അക്രമി കല്യാണിയോട് പറഞ്ഞത്. ടാക്കീസില്‍ ജോലി ചെയ്യുന്ന ആള്‍ക്ക് കൂലി നല്‍കാന്‍ വന്നതാണെന്നും ബെല്ലടിച്ചിട്ടും വാതില്‍ തുറക്കുന്നില്ല എന്നാണ് മാസ്‌ക് ധരിച്ചയാള്‍ പറഞ്ഞത്. തുടർന്ന് ചവിട്ടു പടിയില്‍ കയറി ഇരിക്കുകയും ചെയ്തു.തുടര്‍ന്ന് വെള്ളം ചോദിച്ചു. വെള്ളമെടുക്കാനായി അകത്തേയ്ക്ക് പോയ കല്യാണി പുറത്തേയ്ക്ക് വരുമ്പോള്‍ വെള്ളം ആവശ്യപ്പെട്ടയാളെ ചവിട്ടു പടിയില്‍ കിടക്കുന്നതാണ് കണ്ടത്. എന്താണ് കാരണമെന്ന് അന്വേഷിച്ചപ്പോള്‍ വായു കയറിയതാണെന്നും വായുഗുളിക ഉണ്ടോയെന്നു ചോദിച്ചു. വായു ഗുളിക ഇല്ലെന്നും ജാതിക്ക ഉണ്ടെന്നും അത് വെള്ളത്തിലിട്ട് കുടിച്ചാല്‍ ആശ്വാസം കിട്ടുമെന്നും പറഞ്ഞ് കല്യാണി വീണ്ടും അകത്തേയ്ക്ക് പോയി. കപ്പും ഗ്ലാസുമെടുത്ത് തിരിച്ചെത്തിയപ്പോൾ വന്ന ആളുടെ ഭാവം മാറുകയും കല്യാണിയുടെ കഴുത്തില്‍ നിന്നു മാലപ്പൊട്ടിച്ചോടുകയുമായിരുന്നു. കല്യാണിയുടെ നിലവിളി കേട്ട് അയല്‍പക്കത്തുള്ള ബന്ധുക്കള്‍ എത്തിയെങ്കിലും അക്രമിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പൊലീസും സ്ഥലത്തെത്തിയിരുന്നു.








