കൊല്ലം: വിയറ്റ്‌നാം ബോട്ട് അപകടത്തില്‍ മരിച്ച മലയാളി ദമ്പതികളുടെ സംസ്‌കാരം നാളെ നടക്കും. കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ്, ഭാര്യ ലോവേനി തോമസ് എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രിമാരായ പി സി വിഷ്ണുനാഥ്, സി പി ജോണ്‍ എന്നിവര്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. മൃതദേഹങ്ങള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കാനായി മാറ്റി. ബുധനാഴ്ച രാവിലെ 10 മണി മുതല്‍ കൊട്ടാരക്കര മാര്‍ത്തോമ വലിയപ്പള്ളിയിലെ ജൂബിലി ചാപ്പലില്‍ പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കും. ഉച്ചയ്ക്ക് 3.30-ന് കുടുംബകല്ലറയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.
കഴിഞ്ഞ ശനിയാഴ്ചയാണ് 32 ഇന്ത്യക്കാരുമായി യാത്ര തിരിച്ച സ്പീഡ് ബോട്ട് വിയറ്റ്‌നാമിലെ ഫൂക്യോക് ദ്വീപില്‍ വെച്ച് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ രണ്ട് മലയാളികള്‍ അടക്കം 15 ഇന്ത്യക്കാരാണ് മരിച്ചത്. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കേരളം, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള ബിസിനസുകാര്‍ക്കായി മൊബൈല്‍ ഫോണ്‍ ലാപ്‌ടോപ് നിര്‍മാണ കമ്പനി ഏര്‍പ്പെടുത്തിയ യാത്രയാണ് അപകടത്തില്‍ കലാശിച്ചത്.








