ടെഹ്‌റാന്‍: ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണക്കപ്പലുകളിലേക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം. ക്രൂയിസ് മിസൈൽ ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു. ആറു ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആക്രമണത്തെ യു.എ.ഇ പ്രതിരോധ മന്ത്രാലയം ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണിതെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഒമാന്റെ പ്രാദേശിക സമുദ്രാതിർത്തിയിലെ ഹോർമുസ് കടലിടുക്കിന്റെ തെക്കൻ ഭാഗത്തുകൂടി സഞ്ചരിച്ചിരുന്ന ‘മൊംബാസ’, ‘ബാഹിയ’ എന്നീ ടാങ്കറുകളാണ് ആക്രമണത്തിന് ഇരയായത്. ഇതിൽ ‘മൊംബാസ’ കപ്പലിലുണ്ടായിരുന്ന ഒരു ഇന്ത്യൻ ജീവനക്കാരനാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ ആറു ഇന്ത്യക്കാരും രണ്ട് ഉക്രൈൻ പൗരന്മാരുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തെ തുടർന്ന് ഇരുകപ്പലുകളിലും തീപിടിത്തമുണ്ടായെങ്കിലും ഉടൻ തന്നെ തീയണക്കാൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു. കപ്പലുകൾക്ക് കാര്യമായ നാശനഷ്ടവും സംഭവിച്ചിട്ടുണ്ട്. അതേ സമയം, ഇറാനുമേലുള്ള നാവിക ഉപരോധം ആരംഭിക്കുമെന്നും ഹോർമുസിന്‍റെ അധികാരം തങ്ങള്‍ പിടിക്കുമെന്നും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഹോർമുസിലും ഇറാന്‍ ദ്വീപുകളിലും യുഎസ് നടത്തിയ ആക്രമണത്തില്‍ കനത്ത നാശനഷ്ടം സംഭവിച്ചിരുന്നു .യുഎസ് പടക്കപ്പല്‍ ആക്രകമിച്ചായിരുന്നു ഇതിന് ഇറാൻ മറുപടി നൽകിയത്.








